ലക്ഷ്യം മൂല്യവർധിത ഉത്പന്ന നിർമാണം
വടകര : മത്സ്യത്തിന്റെയും കാർഷികവിളകളുടെയും മൂല്യവർധിത ഉത്പന്ന നിർമാണം, നൈപുണിവികസനം, സംരംഭകത്വ പ്രോത്സാഹനം എന്നിവ ലക്ഷ്യമാക്കി വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ‘തീരവസന്തം’ പദ്ധതി വരുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി, വ്യവസായം, ടൂറിസം, ക്ഷീരവികസനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി.
സംസ്ഥാനം മൊത്തം നടപ്പാക്കാൻ സാധ്യതയുള്ള പദ്ധതിയുടെ പൈലറ്റ് പദ്ധതിയാണ് വടകര ബ്ലോക്കിൽ ഇത് നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞദിവസം കോഴിക്കോട് വിവിധവകുപ്പ് പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ശില്‌പശാല നടന്നു. അടുത്തഘട്ടം വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കലാണ്. ഇതിനുള്ള നിർദേശങ്ങൾ വിവിധ വകുപ്പുകൾ ഫിഷറീസ് വകുപ്പിന് സമർപ്പിക്കും.
വരും, തൊഴിൽപരിശീലനകേന്ദ്രം
വടകര ബ്ലോക്ക് പരിധിയിലെ അഴിയൂർ, ചോറോട്, ഒഞ്ചിയം, ഏറാമല എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളുടെ ഉപജീവനസുരക്ഷ ശക്തിപ്പെടുത്താനും പ്രാദേശിക വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ വികസനം നടപ്പാക്കാനുമാണ് ‘തീരവസന്തം’ ലക്ഷ്യമിടുന്നത്. പ്രധാനമായും മത്സ്യം, കാർഷിക ഉത്പന്നങ്ങൾ എന്നിവയിൽനിന്ന് മൂല്യവർധിത ഉത്പന്നം നിർമിക്കുന്നത് പഠിപ്പിക്കാൻ പരിശീലനകേന്ദ്രം സ്ഥാപിക്കും. ഇതിന് നബാർഡ്ഫണ്ട് ഉൾപ്പെടെ ലഭ്യമാക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് പരിശീലനം നൽകുന്ന കേന്ദ്രമായി ഇതിനെ ഉയർത്തുകയാണ് ലക്ഷ്യം. പരിശീലനം മാത്രമല്ല, ഉത്പാദനം, ബ്രാൻഡിങ്, പാക്കേജിങ്, വിപണനം എന്നിവയും ഏകോപിപ്പിച്ച് സമഗ്ര പരിശീലന-ഉത്പാദന-വിപണനകേന്ദ്രമാക്കി ഉയർത്താനും ലക്ഷ്യമിടുന്നു. നിലവിൽ വടകര ബ്ലോക്ക് പഞ്ചായത്ത് നടത്തിവരുന്ന ഭിന്നശേഷിക്കാർക്കുള്ള തൊഴിൽപരിശീലനകേന്ദ്രം അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലീകരിച്ച നൈപുണിവികസന-സംരംഭകത്വ കേന്ദ്രമായി വികസിപ്പിക്കും.
ഷാഫി പറമ്പിൽ എം.പി, കെ.കെ. രമ എം.എൽ.എ. തുടങ്ങിയവരുടെ പിന്തുണയും പദ്ധതിക്കുണ്ട്. കഴിഞ്ഞദിവസം നടന്ന ശില്‌പശാലയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ തങ്ങൾക്ക് ഈ പദ്ധതിയിൽ എന്തെല്ലാം ചെയ്യുമെന്നത് കാണിച്ചുള്ള റിപ്പോർട്ട് ഫിഷറീസ് വകുപ്പിന് നൽകും. ഇതിനുശേഷം ഫിഷറീസ്, തദ്ദേശം, കൃഷി, വ്യവസായവകുപ്പ് പ്രതിനിധികൾ യോഗംചേർന്ന് ഡി.പി.ആർ. തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
പ്രാദേശികവിഭവങ്ങൾ നശിച്ചുപോകാതെ ഉപയോഗപ്പെടുത്തുകയും അതുവഴി തൊഴിലവസരം സൃഷ്ടിച്ച് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ പറഞ്ഞു.
Published: 26 Sept 2026, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented