സുൽത്താൻബത്തേരി : പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക് ഹാൻസ് മോഷണംപോയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പോലീസുകാരനായ പ്രതി സബിത്തി(38)നെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. പ്രതിയുടെ മൊഴിയെടുക്കുന്നതിനും തെളിവെടുപ്പിനും വിശദമായ അന്വേഷണത്തിനുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകിയിരുന്നത്.

To advertise here,

വ്യാഴാഴ്ച രാവിലെ ഇതുപരിഗണിച്ച ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) ആണ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയിൽനിന്ന് ആദ്യം വിശദമായ മൊഴിയെടുക്കുകയാണ് ചെയ്തത്. ഇതിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പോലീസ് സ്റ്റേഷനിലെ തൊണ്ടിമുറിയിലും പരിസരങ്ങളിലും പ്രതിയുമായി അന്വേഷണസംഘം പരിശോധന നടത്തിയിട്ടുണ്ട്. ചോദ്യംചെയ്യൽ അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം പറഞ്ഞു.

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പൻകുളത്തെ വീട്ടിൽനിന്ന് പോലീസ് പിടിച്ചെടുത്ത ഹാൻസ് ചാക്കുകൾ കോടതിയിൽ ഹാജരാക്കിയശേഷം ജൂൺ 26-നാണ് ബത്തേരി സ്റ്റേഷൻ വളപ്പിലെ കെട്ടിടത്തിലുള്ള തൊണ്ടിമുറിയിൽ സൂക്ഷിച്ചത്. എന്നാൽ, ജൂലായ് 19-ന് രാത്രി ജി.ഡി. ഡ്യൂട്ടിയിലുണ്ടായിരുന്ന ടി. സബിത്ത് ചാക്കുകൾ കാറിൽ കയറ്റി കൊണ്ടുപോകുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തിയതോടെയാണ് ഇയാളെ പ്രതിയാക്കിയത്. സെപ്റ്റംബർ പത്തിനാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തുടരന്വേഷണത്തിലാണ് എറണാകുളം മഞ്ഞുമ്മലിൽനിന്ന് 20-ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ സബിത്തിനെ റിമാൻഡ് ചെയ്യുകയായിരുന്നു. എറണാകുളത്ത് ചില ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് സ്റ്റോർമുറിയുടെ പുറത്തുകിടന്നിരുന്ന ചാക്കുകൾ സുരക്ഷിതമായി ഡിവൈ.എസ്.പി. ഓഫീസിന് പിന്നിലെ മുറിയിൽ വെക്കുകയേ ചെയ്തിട്ടുള്ളൂവെന്ന് സബിത്ത് പറഞ്ഞിരുന്നു. ഈ പറഞ്ഞ സ്ഥലത്തടക്കം പ്രതിയുമായി തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.