കല്പറ്റ : അങ്കണവാടികളിലെ പോഷകവിതരണത്തിനായി ഉപയോഗിക്കുന്ന ഓൺലൈൻ പോർട്ടലായ പോഷൻ ട്രാക്കറിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടായതായി സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ.

To advertise here,

ജില്ലയിൽ ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞത് കേന്ദ്രത്തിൽനിന്നുള്ള ഗോതമ്പ് വിഹിതത്തെ ബാധിച്ചുവെന്നും ഇത് അമൃതം പൊടി നിർമാണ യൂണിറ്റുകളിൽ ആവശ്യത്തിന് ഗോതമ്പ് ലഭിക്കാത്ത സാഹചര്യമുണ്ടാക്കിയെന്നും കമ്മിഷൻ വിലയിരുത്തി. സാങ്കേതികതടസ്സങ്ങൾ പരിഹരിച്ച് പോഷകാഹാര വിതരണം കൃത്യമായി നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നെറ്റ്‌വർക്ക് സംബന്ധമായ തടസ്സങ്ങൾ വേഗത്തിൽ പരിഹരിച്ച് എല്ലാ ഗുണഭോക്താക്കളെയും പോഷൺട്രാക്കറിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വനിതാ-ശിശു വികസന ഉദ്യോഗസ്ഥർ അറിയിച്ചു.

അമൃതം പൊടി നിർമാണ യൂണിറ്റുകൾ ഈ മാസം മുതൽ നിർമാണവും വിതരണവും നടത്തുന്നില്ലെന്ന് വനിതാ-ശിശു വികസനവകുപ്പ് ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അങ്കണവാടികളിൽ ന്യൂട്രീമിക്സിന് പകരം ശർക്കരയും ചെറുപയറും മുത്താറിയും ഈ മാസം മുതൽ നൽകുവാനുള്ള തീരുമാനമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിച്ചു. കുട്ടികൾക്ക് പോഷകാഹാരമായി അമൃതം പൊടി നൽകുന്നതാണ് ഉചിതമെന്നും അമൃതം ന്യൂട്രീമിക്സ് പദ്ധതി തടസ്സമില്ലാതെ നടക്കേണ്ടതുണ്ടെന്നും വിതരണത്തിൽ വന്ന സാങ്കേതികതടസ്സങ്ങൾ പരിഹരിച്ച് പദ്ധതി തുടരേണ്ടതാണെന്നും കമ്മിഷൻ നിർദേശിച്ചു.

വിവിധ കാരണങ്ങളാൽ റേഷൻകാർഡില്ലാത്ത കക്കേരി ഊരിലുള്ളവർക്ക് ഉടൻ കാർഡുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മിഷൻ നിർദേശിച്ചു. കോളൂർ ഊരിലെ പൊതുകിണർ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ട്രൈബൽവകുപ്പ് ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിച്ചു. മാനന്തവാടി താലൂക്കിലെ അപ്പപ്പാറ, കക്കേരി, കോളൂർ, ആനക്യാമ്പ് ഊര്, അപ്പപ്പാറ, നെടുന്തന അങ്കണവാടികൾ, മേപ്പാടി പഞ്ചായത്തിലെ പുതിയ വില്ലേജ്, അംബേദ്കർ, കുപ്പച്ചി ഊര്, അട്ടമല, ചൂരൽമല അങ്കണവാടികൾ, ചുള്ളിക്ക ജി.എൽ.പി.എസ്., മേപ്പാടി എ.പി.ജെ. അബ്ദുൾകലാം കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന മുണ്ടക്കൈ ജി.എൽ.പി.എസ്. എന്നിവിടങ്ങളിൽ കമ്മിഷൻ സന്ദർശിച്ചു.