താമരശ്ശേരിച്ചുരത്തിലെ മൂന്നുവളവുകളിലെ നവീകരണം
താമരശ്ശേരി : കാത്തിരിപ്പിനൊടുവിൽ താമരശ്ശേരിച്ചുരത്തിൽ തകർന്നുകിടക്കുന്ന രണ്ട്, നാല്, ഒൻപത് ഹെയർപിൻ വളവുകളിൽ അടിയന്തര നവീകരണപ്രവൃത്തി നടത്താൻ നടപടി. രണ്ടാംവളവിനും നാലാം വളവിനും ഇടയിൽ കൊരുപ്പുകട്ടകൾ ഇളകിയടർന്ന് മാറി വലിയകുഴികൾ രൂപപ്പെട്ട ഭാഗത്തെ ശാസ്ത്രീയ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് ദേശീയപാത വിഭാഗം ടെൻഡർ ക്ഷണിച്ചു.
ആറുമാസത്തെ പൂർത്തീകരണകാലാവധിയുള്ള പ്രവൃത്തിക്കായി 87.06 ലക്ഷം രൂപയാണ് അടങ്കൽ നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ ഏഴാണ് ടെൻഡർ സമർപ്പണത്തിനുള്ള അവസാനതീയതി. ഒൻപതിന് ടെൻഡർ തുറക്കും. അറ്റകുറ്റപ്പണിക്കുശേഷവും തകർച്ചതുടരുന്ന ആറ്, ഏഴ് ഹെയർപിൻ വളവുകൾ ഉൾപ്പെടെയുള്ള മറ്റിടങ്ങളിൽ ടാറും മെറ്റലും ഇടകലർന്ന ബിറ്റുമിനസ് മിശ്രിതമുപയോഗിച്ചുള്ള പരിപാലനം തുടരുമെന്ന് പി.ഡബ്ല്യു.ഡി. ദേശീയപാത ഉപേതര വിഭാഗം അസി. എൻജിനിയർ എം. സലീം അറിയിച്ചു. താമരശ്ശേരിച്ചുരത്തിലെ ഹെയർപിൻവളവുകളിലെ റോഡുതകർച്ച യാത്രാദുരിതം തീർക്കുന്നതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
രണ്ട്, നാല് ഹെയർപിൻ വളവുകളുടെ മധ്യത്തിലും ഒൻപതാംവളവിൽ വാഹനങ്ങൾ ഇറങ്ങിത്തുടങ്ങുന്ന ഭാഗത്തുമാണ് കൊരുപ്പുകട്ടകൾ അടർന്നുമാറിയിരിക്കുന്നത്. രണ്ടാംവളവിൽ കൊരുപ്പുകട്ടകൾ അടർന്നുമാറിയ സ്ഥലത്ത് വലിയവിസ്താരത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. നാലാംവളവിലും റോഡിനുനടുവിലായി വാഹനങ്ങൾ ചുരമിറങ്ങിവരുന്ന ഭാഗത്തോടുചേർന്നാണ് കൊരുപ്പുകട്ടകൾ അടർന്നുപോയത്. ഒൻപതാംവളവിൽ കോൺക്രീറ്റുചെയ്ത ഭാഗത്തിന് തൊട്ടുതാഴെയുള്ള കൊരുപ്പുകട്ടകൾ അമർന്നുതാഴ്ന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഭാരവാഹനങ്ങൾ കുഴികളിൽ ചാടുമ്പോൾ ആക്‌സിൽ ഒടിഞ്ഞ് വഴിയിൽ കുടുങ്ങുന്നതും ഇരുചക്രവാഹനങ്ങൾ അവയുടെ ചക്രങ്ങൾ കുഴിയിൽച്ചാടി നിയന്ത്രണംവിടുന്നതും പതിവുകാഴ്ചയാണ്. റോഡ് തകർന്ന ഭാഗങ്ങളിലുള്ള, കേടുപാടുകൾ സംഭവിച്ചതും പൊട്ടിപ്പോയതുമായ കൊരുപ്പുകട്ടകളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കും.
രണ്ട്, നാല് വളവുകളിലെ റോഡ് തകർന്നതിനെത്തുടർന്ന് മാസങ്ങൾക്കുമുൻപ് മണ്ണും ക്വാറിവേസ്റ്റുമിട്ട് കുഴികൾ താത്കാലികമായി നികത്തിയിരുന്നു. എന്നാൽ, മഴ തുടർന്നതും കടന്നുപോവുന്ന വാഹനങ്ങളുടെ ആധിക്യവും കാരണം കുഴിയടച്ച ഭാഗത്തുനിന്ന് മണ്ണും കല്ലുമെല്ലാം അടർന്നുമാറി, റോഡ് പഴയ പടിയാവുകയായിരുന്നു. ആറ്, എട്ട് വളവുകളിലാവട്ടെ കുഴികൾ നിറഞ്ഞും പ്രതലത്തിന് നിരപ്പുള്ള ആകൃതി നഷ്ടപ്പെട്ടും ഉഴുതുമറിച്ചപോലെയാണ്. ബിറ്റുമിനസ് മിശ്രിതമുപയോഗിച്ച് താത്കാലികമായി കുഴിയടച്ചിരുന്നെങ്കിലും റോഡ് വീണ്ടും പഴയ അവസ്ഥയിലായി.
മഴ തുടരുന്നതിനാലും ആറ്, ഏഴ്, എട്ട് വളവ് നവീകരണപ്രവൃത്തി നടന്നുവരുന്നതിനാലും പൂർണതോതിൽ ശാസ്ത്രീയമായി റീടാർ ചെയ്തുകൊണ്ടുള്ള പുനരുദ്ധാരണം പ്രായോഗികമില്ലെന്നും അതേസമയം, ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തി തകർച്ച പരിഹരിക്കുമെന്നുമാണ് പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതർ പറയുന്നത്.
Published: 26 Sept 2026, 04:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented