മാനന്തവാടി : ജില്ലയുടെ പൊതുപ്രശ്നങ്ങൾ കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ഉഷാ വിജയൻ എം.എൽ.എ. ജില്ലയുടെ വികസനത്തിനായി കർണാടക സർക്കാരിന്റെ സഹകരണത്തോടെ ചെയ്യേണ്ട കാര്യങ്ങളാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയുമായും സംസാരിച്ചത്. ബെംഗളൂരുവിലായിരുന്നു കൂടിക്കാഴ്ച.

To advertise here,

ബാവലി-മൈസൂരു റോഡിലെ രാത്രിയാത്രാ നിയന്ത്രണം വൈകീട്ട് ആറിൽനിന്നു രാത്രി ഒൻപതുവരെയായി ദീർഘിപ്പിക്കുക, മാനന്തവാടി-ബാവലി റോഡ് പ്രവൃത്തിയിലെ കാലതാമസം ഒഴിവാക്കുക, വിലങ്ങാട്-മാനന്തവാടി- കുട്ട-മൈസൂരു - ബെംഗളൂരു ഇടനാഴിക്ക്‌ വേണ്ടിയുള്ള ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടത്.

ഇതുസംബന്ധിച്ച നിവേദനവും എം.എൽ.എ. കൈമാറി. പ്രിയങ്കാഗാന്ധി എം.പി. വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബെംഗളൂരുവിൽ ഉന്നതതല യോഗം വിളിക്കാൻ കർണാടക ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞതായി ഉഷാ വിജയൻ എം.എൽ.എ. അറിയിച്ചു. യു.ഡി.എഫ്. കൺവീനർ എച്ച്.ബി. പ്രദീപ്, സുമേഷ് മംഗലശ്ശേരി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.