കൊയിലാണ്ടി : ഉദ്ഘാടനംകഴിഞ്ഞ് മാസങ്ങളായിട്ടും പ്രവർത്തനംതുടങ്ങാൻ കഴിയാതിരുന്ന കൊയിലാണ്ടി സബ് ട്രഷറിയിലേക്ക് റോഡിൽനിന്ന് പ്രവേശനം സാധ്യമായി. ദേശീയപാതയിൽനിന്ന് ട്രഷറിയിലേക്കുള്ള വഴിയിലെ ബാരിക്കേഡുകൾ മുറിച്ചുമാറ്റിയാണ് വഴിയൊരുക്കിയത്. കെട്ടിടംപണി കഴിയുന്നതിനുമുൻപുതന്നെ ഹാളിൽവെച്ച് ട്രഷറിയുടെ ഉദ്‌ഘാടനവും നടത്തിയിരുന്നു. എന്നാൽ, പണി പൂർത്തിയായപ്പോഴാണ് റോഡിൽനിന്ന് ട്രഷറിയിലേക്ക് വഴിയില്ലെന്നത് പ്രശ്നമായത്. ദേശീയപാതയോടുചേർന്നുള്ള നടപ്പാതയിലെ ബാരിക്കേഡ് തടസ്സമായതോടെ വാടകക്കെട്ടിടത്തിൽനിന്ന് ട്രഷറി മാറ്റാനുള്ള ശ്രമം പ്രതിസന്ധിയിലായി. ഏഴരലക്ഷം രൂപ കെട്ടിവെച്ചാൽ മാത്രമേ റോഡിൽനിന്ന് ട്രഷറിയിലേക്കുള്ള വഴിയിലെ ബാരിക്കേഡുകൾ മാറ്റി പ്രവേശനസൗകര്യം ഒരുക്കാൻകഴിയൂ എന്ന നിലപാടായിരുന്നു പൊതുമരാമത്ത് വകുപ്പിനും എൻ.എച്ച്.എ.ഐ അധികൃതർക്കും.
ഒന്നരവർഷത്തോളമായി ട്രഷറി ഉദ്യോഗസ്ഥർ ഈ കാര്യത്തിനായി പി.ഡബ്ല്യു.ഡിയുമായി നിരന്തരം എഴുത്തുകുത്തുകൾ നടത്തുകയായിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പെൻഷൻകാരുടെ സംഘടനകളും ട്രഷറി ഉദ്യോഗസ്ഥരും കെ. പ്രവീൺകുമാർ എം.എൽഎയെ സമീപിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് എം.എൽ.എയുടെ ഇടപെടലുണ്ടായി.
കളക്ടറുടെ നേതൃത്വത്തിൽ എം.എൽ.എ. വിളിച്ചുചേർത്ത ഉദ്യോഗസ്ഥയോഗവും നിർണായകമായി. ഒടുവിൽ ഏഴരലക്ഷം രൂപ കെട്ടിവെക്കാതെ സർക്കാർ സ്ഥാപനം എന്ന നിലയിൽ ട്രഷറിക്ക് വഴി അനുവദിച്ചുകിട്ടി. വഴി ലഭ്യമായതോടെ ട്രഷറി മാറ്റം വേഗം നടക്കുമെന്നാണറിയുന്നത്. നിലവിൽ ട്രഷറി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ്. ഇത് പ്രായമായ പെൻഷൻകാർക്കും മറ്റും ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
Published: 03 Oct 2026, 03:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented