കല്പറ്റ : കളക്ടറേറ്റിൽ സി.സി.ടി.വി. ക്യാമറകൾ ഉണ്ടെങ്കിലും ദൃശ്യങ്ങൾ പതിയില്ല. പലഭാഗങ്ങളിലെയും ക്യാമറകൾ പ്രവർത്തനരഹിതവും ചിലത് തകർന്നു കിടക്കുകയുമാണ്. പത്തിലധികം ക്യാമറകൾ കളക്ടറേറ്റിന് ചുറ്റിലുമുണ്ട്. ഇതിൽ മൂന്നോ നാലോ എണ്ണം മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിറകുവശത്ത് സ്ഥാപിച്ച ക്യാമറയും കളക്ടറേറ്റിൽനിന്ന് പുറത്തേക്കുള്ള വഴിയിലെ കെട്ടിടത്തിൽ സ്ഥാപിച്ച ക്യാമറയുമെല്ലാം തകർന്ന നിലയിലാണ്. ക്യാമറകൾ ക്ലാമ്പിൽനിന്ന് വിട്ട് തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ്.

To advertise here,

മാസങ്ങൾക്കു മുൻപ് കളക്ടറേറ്റിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ചില്ല് പൊട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. ക്യാമറ പ്രവർത്തിക്കാത്തതിനാൽ എങ്ങനെയാണ് വാഹനത്തിന്റെ ചില്ലു തകർന്നതെന്ന് പരിശോധിക്കാൻ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചുമില്ല.

വില്ലൻ കുരങ്ങന്മാർ

കുരങ്ങുകൾ ഓടിക്കയറുകയും പിടിച്ചു തൂങ്ങുകയും ചെയ്യുന്നതു കാരണമാണ് ക്യാമറകൾ കേടാവുകയും തകരുകയുംചെയ്യുന്നത്. ക്യാമറകൾ തകരാറിലായാലും തകർന്നുപോയാലും യഥാസമയം മാറ്റിസ്ഥാപിക്കാൻ നടപടിയുണ്ടാവുന്നില്ലെന്നാണു പരാതി.

സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ മാത്രമല്ല, കളക്ടറേറ്റിൽ വരുന്നവരുടെയും ജീവനക്കാരുടെയുമെല്ലാം വാഹനങ്ങൾ കളക്ടറേറ്റിനുള്ളിൽത്തന്നെയാണ് നിർത്തിയിടുന്നത്. സുരക്ഷാമേഖല കൂടിയായ കളക്ടറേറ്റിൽ ക്യാമറകൾ പ്രവർത്തിക്കാതിരിക്കുന്നത് സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. കുരങ്ങുകൾ കയറി കേടുപാടുകൾ ഉണ്ടാവാത്ത വിധത്തിൽ, ക്യാമറയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താത്തവിധം ഇരുമ്പിന്റെ നെറ്റ് പോലുള്ള സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.