പറളി : മാമ്പ്ര ക്വാറിപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാമ്പ്ര ക്വാറി ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിൽ പാലക്കാട്-ഒറ്റപ്പാലം സംസ്ഥാനപാത ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ഉപരോധത്തിൽ സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളംപേർ പങ്കെടുത്തു. ജനകീയസമിതി മുഖ്യരക്ഷാധികാരിയും നാഷണൽ ജനതാദൾ പ്രസിഡന്റുമായ അഡ്വ. ജോൺ ജോൺ ഉദ്ഘാടനംചെയ്തു.

To advertise here,

ക്വാറിയുടെ പ്രവർത്തനം നിർത്തുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരക്കാർ പറഞ്ഞു. നിലവിൽ ക്വാറി പ്രവർത്തിക്കുന്നത് പെർമിറ്റിലെ നിബന്ധനകളെല്ലാം ലംഘിച്ചാണെന്നും അനുവദനീയമായതിൽ കൂടുതൽ കരിങ്കല്ല് ദിനംപ്രതി പൊട്ടിച്ചുകൊണ്ടുപോകുന്നുണ്ടെന്നും സമരക്കാർ ആരോപിച്ചു. തൊട്ടടുത്തുള്ള കാൽലക്ഷത്തിലധികം ലിറ്റർ ശേഷിയുള്ള കുടിവെള്ളസംഭരണിയും 110 കെ.വി. വൈദ്യുതലൈനും തകർച്ചയുടെ വക്കിലാണെന്നും പരാതിപ്പെട്ടു. ഇക്കാര്യങ്ങളുന്നയിച്ച് കഴിഞ്ഞ 20 ദിവസത്തിലധികമായി പിരായിരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻപിൽ സത്യാഗ്രഹസമരം നടത്തുണ്ടെങ്കിലും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ക്വാറി ഉടമയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരക്കാർ ആരോപിക്കുന്നു.

സമരസമിതി പ്രസിഡന്റ് കെ.സി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. അഷറഫ്, സെക്രട്ടറി എസ്. ഹക്കീം, ഖജാൻജി വൈ. നൗഷാദ് എന്നിവർ നേതൃത്വംനൽകി.

സംസ്ഥാനപാത ഉപരോധിച്ച സമരക്കാരെ പോലീസെത്തി അറസ്റ്റുചെയ്ത്‌ നീക്കി. എ.എസ്.പി. ആശാ ശർമയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും പാലക്കാട് തഹസിൽദാർ സി.എച്ച്. അഹമ്മദ് നിസാറും സ്ഥലത്തെത്തിയിരുന്നു.