വടകര : ലഹരിക്കെതിരേ എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന റിലാക്‌സ് (റെസ്റ്റ് ആൻഡ് എന്റർടെയിൻമെന്റ് ഇൻ ലെഷർ ടൈംസ് അറ്റ് കംഫർട്ട് സോൺസ്) പദ്ധതിയുടെ ഭാഗമായി വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ കാടുമൂടിയ വഴിയോരം മുഖംമിനുക്കി. ഇനി ഇവിടം എക്‌സൈസിന്റെ റിലാക്‌സ് കേന്ദ്രമാണ്.

To advertise here,

ആളുകൾക്ക് വന്നിരിക്കാനും സമയം ചെലവഴിക്കാനുമുള്ള കേന്ദ്രം. ആശുപത്രി പരിസരമായതിനാൽ രാത്രിയിലും റിലാക്‌സ് കേന്ദ്രത്തിൽ ആൾക്കാർ ഇരിക്കാൻ സാധ്യതയുള്ളതിനാൽ ലഹരിയുടെ ഇടപെടൽ കുറയുമെന്ന് കണക്കുകൂട്ടിയാണ് ഈ സ്ഥലം തിരഞ്ഞെടുത്തത്. വിനോദത്തിന് ഇടം, വിശ്രമത്തിന് ഇടം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. തീർത്തും ജനകീയസഹകരണത്തോടെയാണ് കേന്ദ്രം ഒരുക്കിയത്.

ചില സ്ഥാപനങ്ങളും വ്യക്തികളും സഹായിച്ചു. വാർഡ് കൗൺസിലറും നഗരസഭാ വൈസ്‌ ചെയർപേഴ്‌സണുമായ കെ.എം. ഷൈനി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംനൽകി. പ്രദേശവാസികളുടെ സഹായത്തോടെ കാട് വെട്ടിത്തെളിയിച്ച് രണ്ട് ലോഡ് മണ്ണിറക്കി സ്ഥലം ഉയർത്തി. ശേഷം കൊരുപ്പുകട്ട പാകി മനോഹരമാക്കി. ഇരിപ്പിടങ്ങളും പൂച്ചട്ടികളും സ്ഥാപിച്ചു. പ്രദേശത്തെ യുവാക്കൾ തങ്ങളുടെ ജോലികഴിഞ്ഞശേഷം രാത്രിയിലാണ് ഇവിടെ വേണ്ട സഹായം ചെയ്തത്. ഇരിപ്പിടത്തിന് തണലേകാനുള്ള കുട നൽകാമെന്ന് വടകര സഹകരണ ആശുപത്രി അധികൃതർ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

രാത്രിയിൽ ഇവിടെ സൗരോർജവിളക്ക് സ്ഥാപിക്കാൻ പരിസരത്തെ വ്യാപാരികളും തയ്യാറായിട്ടുണ്ട്. ഇരിപ്പിടങ്ങൾക്കരികെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായനയ്ക്കായി വെക്കാൻ ഓട്ടോഡ്രൈവർമാരോടും അഭ്യർഥിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവരും രോഗികളുടെ കൂട്ടിരിപ്പുകാരുമെല്ലാം റിലാക്‌സ് കേന്ദ്രം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

കേന്ദ്രം നാടിന് സമർപ്പിച്ചു. റിലാക്‌സ് കേന്ദ്രം ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്‌സൺ പി.കെ. ശശി നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനി അധ്യക്ഷതവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. ജിതേഷ് റിലാക്‌സ് പദ്ധതി വിശദീകരിച്ചു.

വടകര അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. സുനിൽ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. വിനു, സഹകരണ ആശുപത്രി പ്രസിഡന്റ് ആർ. ഗോപാലൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ. ജയപ്രസാദ്, കൗൺസിലർമാർ, ഓട്ടോറിക്ഷ ജീവനക്കാരുടെ പ്രതിനിധികൾ, വ്യാപാരിപ്രതിനിധികൾ എന്നിവർ സംസാരിച്ചു.