നെൽക്കൃഷിക്ക് സുരക്ഷയില്ലാതെ മാറോടിലെ കർഷകർ

To advertise here,

മാനുകൾ കൂട്ടമായെത്തി നെൽച്ചെടികൾ തിന്നുന്നു

സുൽത്താൻബത്തേരി : പ്രതികൂലകാലാവസ്ഥയിലും നെൽക്കൃഷി ചെയ്യുന്ന കർഷകർക്ക് തിരിച്ചടിയായി വന്യമൃഗശല്യവും. നൂൽപ്പുഴ പഞ്ചായത്തിലെ വനാതിർത്തിപ്രദേശമായ മാറോട് പാടശേഖരത്തിലെ കർഷകരാണ് കാട്ടാനയ്ക്കുപുറമേ മാനുകളുടെ ശല്യവും കാരണം പ്രതിസന്ധിയിലായത്. മഴകുറഞ്ഞെങ്കിലും തുടക്കത്തിലേ കൃഷിയിറക്കിയ കർഷകരാണ് മാൻശല്യത്താൽ ദുരിതത്തിലായത്.

ഏക്കറുകണക്കിന് വയലിൽ കാട്ടാനശല്യം പതിവാണ്. ആന നശിപ്പിക്കുന്നതിനുപുറമേയാണ് മാനുകളും കൂട്ടത്തോടെയെത്തി നെൽച്ചെടികൾ തിന്നുന്നത്. സന്ധ്യമയങ്ങിയാൽ സമീപത്തെ വനമേഖലയിൽനിന്നാണ് മാനുകൾ കൂട്ടത്തോടെ വയലിലേക്ക് ഇറങ്ങുന്നത്. കാട്ടാനയെ തുരത്താനെങ്കിലും സാധിക്കുമെങ്കിലും കൂട്ടായെത്തുന്ന മാനുകളെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലാണ് കർഷകർ. കമ്പിവേലികളും മറ്റും ചാടിക്കടന്നെത്തുന്ന മാനുകൾ ഏക്കറുകണക്കിന് സ്ഥലത്തെ നെൽച്ചെടികളാണ് തിന്നുതീർക്കുന്നത്. കതിരിടുന്നതിനുമുൻപേ നെൽച്ചെടികൾ തിന്നുതീർക്കുന്നതിനാൽ കൃഷിതന്നെ ഇല്ലാതാകുന്ന സ്ഥിതിയാണ്. കരുത്തോടെ പിന്നീട് ഇവ മുളയ്ക്കില്ലെന്നതും മുളച്ചാൽത്തന്നെ വിളവ് കാര്യമായുണ്ടാകില്ലെന്നതുമാണ് പ്രതിസന്ധിയേറ്റുന്നത്.

പലരും പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് കൃഷിയിറക്കുന്നത്. പ്രതീക്ഷിച്ച വിളവ് ലഭിക്കാതെവന്നാൽ കർഷകന്റെ ദുരിതം ഇരട്ടിയാകും. നെല്ലിനുപുറമേ വയലിലെ വാഴയും നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കർഷകർ താത്കാലികമായി സ്ഥാപിക്കുന്ന വേലികളും തകർത്താണ് മൃഗങ്ങൾ വരുന്നത്.

വനാതിർത്തിയിലെ ഫെൻസിങ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാത്തതാണ് മൃഗങ്ങൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകുന്നത്. ഈ അവസ്ഥ തുടർന്നാൽ വരുംവർഷങ്ങളിൽ കൃഷിതന്നെ പാടേ ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു.

ഏക്കറുകണക്കിനുള്ള പാടശേഖരത്തിൽ വന്യമൃഗങ്ങളുടെ ശല്യംകാരണം പലരും കൃഷിചെയ്യാതെ നിരവധി സ്ഥലങ്ങൾ തരിശിട്ടിരിക്കുകയാണ്.

ഒരുപാട് ബുദ്ധിമുട്ടുകയാണ് കർഷകർ

നെൽക്കൃഷി നടത്തുന്നതിന് ഒരുപാട് പ്രയാസങ്ങളാണ് നേരിടേണ്ടിവരുന്നത്. വെള്ളമില്ലാത്ത പ്രശ്നത്തിനിടയിലാണ് വന്യമൃഗശല്യവും രൂക്ഷമായിരിക്കുന്നത്. ആനയ്ക്കുപുറമേ മാനുകളും കൂടിയെത്തി വലിയതോതിൽ കൃഷി നശിപ്പിക്കുകയാണ്. രാവിലെമുതൽ വൈകുന്നേരംവരെ വയലിൽ പണിയെടുത്തിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. ഈ സ്ഥിതി തുടർന്നാൽ കൃഷി ഉപേക്ഷിക്കേണ്ടിവരും. എത്രയുംവേഗം വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതുതടയാൻ സംവിധാനമൊരുക്കണം.

സുബ്രഹ്മണ്യൻ മാറോട്, കർഷകൻ