ഓർക്കാട്ടേരി : ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നതെങ്കിലും ആരാണ് സർക്കാരിനെ തിരഞ്ഞെടുക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കുന്ന അവസ്ഥയായെന്ന് ആർ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു.
ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കി, ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്. നമ്മുടെ രാജ്യനേതാക്കൾ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കുംവേണ്ടി പോരാടിയത് ഇതിനായിരുന്നോ. ജനങ്ങളുടെ മൗലികാവകാശങ്ങളാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതെന്ന് ശ്രേയാംസ്‌കുമാർ ആരോപിച്ചു.
ഗാന്ധിജയന്തിദിനത്തിൽ ബാലജനത ഏറാമല, അഴിയൂർ പഞ്ചായത്ത് കമ്മിറ്റികൾ നടത്തിയ ബാലസംഗമങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി വരാനിരിക്കുന്ന മണ്ഡലപുനർനിർണയത്തിൽ കേരളത്തിലെ സീറ്റുകൾ വലിയ മാറ്റമില്ലാതെ തുടരുമ്പോൾ, യു.പി.യിൽമാത്രം 200-ലധികം സീറ്റുകളാകും. യു.പി.യും ബിഹാറും മധ്യപ്രദേശും മാത്രം വിചാരിച്ചാൽ ഇന്ത്യ ആരുഭരിക്കണമെന്ന് തീരുമാനിക്കാം എന്ന സാഹചര്യമുണ്ടാകും.
ജനാധിപത്യത്തിന്റെ അടിസ്ഥാനം ജനങ്ങൾക്കുള്ളവോട്ടവകാശമാണ്. അതില്ലാതാക്കുകയാണ് ചെയ്യുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ ഇവർ ഭരണഘടനതന്നെ മാറ്റിയെഴുതുമായിരുന്നു.
ഒന്നോ രണ്ടോ തലമുറ കഴിഞ്ഞാൽ ഗാന്ധിയെയും നെഹ്‌റുവിനെയും അവർ വിസ്മൃതിയിലേക്ക് തള്ളും. കുട്ടികളെ ഗാന്ധിയൻദർശനങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. ഇളമുറക്കാരുടെ മനസ്സിലേക്ക് ഈ ആശയങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ പ്രത്യേക ക്ലാസുകൾ നൽകണമെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.
ഗാന്ധിജിയെ വരയ്ക്കാൻ എളുപ്പമാണെങ്കിലും ഗാന്ധിജിയെപ്പോലെ ജീവിക്കാൻ എളുപ്പമല്ലെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ജയരാജ് വാരിയർ പറഞ്ഞു. ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലജനത പഞ്ചായത്ത് പ്രസിഡന്റ് ദേവനന്ദ വിജേഷ് അധ്യക്ഷയായി.
ആർ.ജെ.ഡി. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. കുഞ്ഞിക്കണ്ണൻ, കെ.കെ. കൃഷ്ണൻ, പി. കിരൺജിത്ത്, പ്രഭീഷ് ആദിയൂര്, വി.കെ. സന്തോഷ് കുമാർ, എം.കെ. വിജേഷ്, കെ.എം. സുബീഷ്, ദിയ ബിജു, ജിതിൻ കണ്ടിയിൽ, കെ.പി. ബിന്ദു എന്നിവർ സംസാരിച്ചു.
ചോമ്പാല : മുക്കാളിയിൽ ഗാന്ധിജയന്തിദിനത്തിൽ ബാലജനത നടത്തിയ സമാപനസമ്മേളന ചടങ്ങിൽ റോജ രാജീവൻ അധ്യക്ഷത വഹിച്ചു. സുനിൽ കോട്ടേമ്പ്രം മുഖ്യാതിഥിയായി.
പഞ്ചായത്ത് പ്രസിഡൻറ് കെ. ലീല, എ.ടി. ശ്രീധരൻ, കൈപ്പാട്ടിൽ ശ്രീധരൻ, പ്രമോദ് മാട്ടാണ്ടി, വി.പി. ജയൻ, റീന രയരോത്ത്, പി.വി. സുനീഷ്, ഉഷ ചാത്തംകണ്ടി,, ഷിനി മഠത്തിൽ, കെ.എം. അജേഷ് കുമാർ, കെ. പ്രശാന്ത്, ടി.ടി. പത്മനാഭൻ, എം.വി. ജയപ്രകാശ്, ലിനീഷ് പാലയാടൻ, എൻ.പി. മഹേഷ്, പി.പി. ലിനീഷ് തുടങ്ങിയവർ സംസാരിച്ചു.
Published: 03 Oct 2026, 03:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented