കോഴിക്കോട് : കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ചാത്തമംഗലം പാഴൂർ തമ്പലങ്ങാട്ടുകുഴി ഡോ. ടി.കെ. മുനവർ റഹ്‌മാൻ (46) അന്തരിച്ചു. നല്ലളം അരീക്കാട് പാറക്കണ്ടിപറമ്പ് അയിഷ മൻസിലിലായിരുന്നു താമസം. ഏതാനും ദിവസംമുൻപ്‌ കാറോടിച്ചുപോകുന്നതിനിടെ സ്‌ട്രോക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

To advertise here,

മൂന്നുവർഷമായി കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഓഫീസറാണ്. നേരത്തേ ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ അസി. ആർ.എം.ഒ. ആയിരുന്നു. കോവിഡ് നോഡൽ ഓഫീസറായും പ്രവർത്തിച്ചു. പിന്നീടാണ് കോർപ്പറേഷനിലേക്ക് ഡെപ്യൂട്ടേഷനിൽ എത്തിയത്.

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. കഴിഞ്ഞശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിനിൽ പി.ജി. ചെയ്തു. അതിനുശേഷം ആരോഗ്യവകുപ്പിൽ കാസർകോട്ടാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. വിവിധ ആശുപത്രികളിൽ ജോലിചെയ്തിട്ടുണ്ട്. കെ.ജി.എം.ഒ.എ. കോഴിക്കോട് മുൻ വൈസ് പ്രസിഡന്റ്, കെ.ജി.എം.ഒ.എ. കാസർകോട് മുൻ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

പിതാവ്: ടി.കെ. അബ്ദുറഹിമാൻ (ഹയർസെക്കൻഡറി മുൻ ആർ.ഡി.ഡി., കേരള സ്‌റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുൻ അസി.സെക്രട്ടറി). മാതാവ്: സി. സുബൈദ (റിട്ട. അധ്യാപിക, പയ്യാനക്കൽ ജി.എച്ച്.എസ്.).ഭാര്യ: ഡോ. ഷബ്‌ന (കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി). മകൻ: അബ്ദുള്ള ഐതീൻ (വിദ്യാർഥി). സഹോദരൻ: ടി.കെ. റിയാസ് റഹ്‌മാൻ (ഐ.ടി.എൻജിനിയർ, എറണാകുളം).