ദ്വാരകയിലും പുത്തൻപുരയിലും അപകടഭീഷണി

To advertise here,

മാനന്തവാടി : മികച്ച യാത്രാസൗകര്യത്തിനായി തുടങ്ങിയ മലയോരഹൈവേ പ്രവൃത്തി മാനന്തവാടിയിൽ മരണക്കെണിയാവുന്നു. കിഫ്‌ബി ഫണ്ടുപയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) ആണ് മലയോരഹൈവേ പ്രവൃത്തി തുടങ്ങിയത്. മാനന്തവാടി മണ്ഡലത്തിൽമാത്രം 42.5 കിലോമീറ്റർ ദൂരമാണ് മലയോരഹൈവേയിലുൾപ്പെടുത്തി നവീകരിക്കാനുദ്ദേശിച്ചത്. എന്നാൽ, പ്രവൃത്തി പലയിടങ്ങളിലും പാതിവഴിയിലായത് റോഡ് വഴിയുള്ള യാത്രയ്ക്ക് അപകടഭീഷണി ഉയർത്തുന്നു.

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിലെ പുത്തൻപുരയിലും മാനന്തവാടി-നാലാംമൈൽ- കല്പറ്റ റോഡിലെ ദ്വാരകയിലും റോഡുപണി പൂർത്തിയാവാത്തത് വലിയ അപകടഭീഷണി ഉയർത്തുന്നു. ദ്വാരകയിൽ ഇറക്കത്തിലും പുത്തൻപുരയിൽ വളവിലുമാണ് റോഡുപണി പൂർത്തിയാവാനുള്ളത്.

അപായസൂചനയ്ക്കായി റോഡിലേക്ക് കയറ്റിവെച്ച ഡിവൈഡറുകളും അപകടക്കെണിയാണ്. പലയിടത്തും റോഡിന്റെ ഭാഗങ്ങൾ ഒരുപോലെയല്ല ഉള്ളത്. എരുമത്തെരുവിൽ ഫാ. ജി.കെ.എം. സ്കൂൾ ഭാഗത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡ് ഗതാഗതയോഗ്യമല്ല. എരുമത്തെരുവിൽ റോഡ് ഒരേ നിരപ്പിലല്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷപോലെയുള്ള വാഹനങ്ങൾക്കും അപകടഭീഷണിയുണ്ട്.

പണിപൂർത്തിയാവാനുള്ള ഭാഗങ്ങൾക്കിരുവശവും നല്ലറോഡായതിനാൽ വാഹനങ്ങൾ അതിവേഗത്തിലാണ് വരുന്നത്.

റോഡിലെ തടസ്സംകണ്ട് വാഹനം നിർത്താൻ ശ്രമിക്കുമ്പോൾ അപകടമുണ്ടാവാനുള്ള സാധ്യത ഏറെയാണ്. കിഫ്‍ബിയിൽനിന്നുള്ള ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികൾ നിലച്ചതോടെ റോഡ് ഇനി നന്നാക്കില്ലെന്ന ആശങ്കയിലാണ് ജനം.

വടക്കേ വയനാടിനെയും തെക്കേ വയനാടിന്റെയും ബന്ധിപ്പിക്കുന്നതാണ് മലയോരഹൈവേ. ബോയ്‌സ് ടൗണിൽ നിന്നാരംഭിച്ച് തലപ്പുഴ-മാനന്തവാടി നഗരം വഴി കോഴിക്കോട് റോഡിലൂടെ നാലാംമൈൽ-പനമരം-പച്ചിലക്കാട് വരെയും വാളാട് മുതൽ കുങ്കിച്ചിറവരെയും ഉള്ള റോഡുകളാണ് മലയോരഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബോയ്‌സ് ടൗൺ മുതൽ മാനന്തവാടി ഗാന്ധിപാർക്കുവരെ 13 കിലോമീറ്റർ ദൂരവും മാനന്തവാടിയിൽനിന്ന് പച്ചിലക്കാടുവരെ 19.5 കിലോമീറ്റർ ദൂരവുമാണുള്ളത്. വാളാട് മുതൽ കുങ്കിച്ചിറവരെയുള്ള 10 കിലോമീറ്റർ ദൂരവും മലയോരഹൈവേ പദ്ധതിയിലുൾപ്പെടുത്തിയിരുന്നു.

ആദ്യഘട്ടത്തിൽ പദ്ധതിക്കായി കിഫ്ബി 106 കോടി രൂപ സഹായധനമാണ് അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡുപണി ഏറ്റെടുത്തത്. 2024 ഏപ്രിൽ 10-നകം റോഡുപണി പൂർത്തിയാക്കാനുള്ള ഉടമ്പടിയാണ് കരാറുകാർ ആദ്യം വെച്ചത്. അരികുകെട്ട് ഉൾപ്പെടെയുള്ള പ്രവൃത്തിയും വന്നതിനാൽ യഥാസമയം റോഡുപണി പൂർത്തിയാക്കിയില്ല. പല തവണകളിലായി കാലാവധി ദീർഘിപ്പിച്ചെങ്കിലും ഇതുവരെയും റോഡുപണി പൂർത്തിയാക്കാത്തത് ജനങ്ങൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ബി.എം.ബി.സി. (ബിറ്റുമിനസ് മെക്കാഡം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ മലയോരഹൈവേയുടെ ഭാഗമായി റോഡ് നവീകരിക്കുമെന്നാണ് പറഞ്ഞത്. ഒന്നാംഘട്ടമായ ബിറ്റുമിനസ് മെക്കാഡത്തിന്റെ പ്രവൃത്തി മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. സംസ്ഥാനത്ത് ഭരണമാറ്റവും വന്നതോടെ മലയോരഹൈവേ പ്രവൃത്തി പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയും ജനത്തിനുണ്ട്. റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയാൻ കെ.ആർ.എഫ്.ബി., ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല.