പുല്പള്ളി പഞ്ചായത്തിൽ ജീവനക്കാരെ നിയമിക്കണം

To advertise here,

കല്പറ്റ : പുല്പള്ളി പഞ്ചായത്തിൽനിന്ന്‌ സ്ഥലംമാറ്റിയ ഉദ്യോഗസ്ഥർക്ക്‌ പകരം നിയമനം നടത്തണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ്‌. ഭരണസമിതി അംഗങ്ങൾ തദ്ദേശ ജോയിന്റ്‌ ഡയറക്‌ടറെ ഉപരോധിച്ചു. ജീവനക്കാരെ നിയമിക്കാത്തതിനാൽ പഞ്ചായത്തിൽ ഭരണപ്രതിസന്ധിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രസിഡന്റ് ബിന്ദു പ്രകാശിന്റെ നേതൃത്വത്തിൽ ഉപരോധം.

ജനങ്ങൾക്ക് അടിയന്തര സേവനങ്ങൾപോലും നൽകാനാകുന്നില്ലെന്നും ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. അസിസ്റ്റന്റ് എൻജിനിയർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, അക്കൗണ്ടന്റ്, വെറ്ററിനറി ഡോക്‌ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. തദ്ദേശ മന്ത്രി, പഞ്ചായത്ത് ഡയറക്‌ടർ, ജോയിന്റ്‌ ഡയറക്‌ടർ എന്നിവർക്ക്‌ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരെ സ്ഥലംമാറ്റി. കാലാവധി പൂർത്തിയാകുന്നതിനുമുന്പ്‌ ജൂനിയർ സൂപ്രണ്ടിനെയടക്കം സ്ഥലം മാറ്റാൻ ശ്രമിച്ചെങ്കിലും കോടതി ഇടപെടലിൽ ജോലിയിൽ തുടരുകയാണ്. കഴിഞ്ഞവർഷം പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുപോലും നൽകാനാകുന്നില്ല. ഇതുകാരണം കോൺട്രാക്‌ടർമാർ പ്രവൃത്തി ബഹിഷ്കരിക്കുന്ന സ്ഥിതിയാണ്‌. യു.ഡി.എഫ്‌. സർക്കാർ വിവിധ പദ്ധതികളുടെ തുക വെട്ടിക്കുറച്ചതിനാൽ പഞ്ചായത്തിന് നാല് കോടിയോളം രൂപ നഷ്ടമായി. ഇതിനെത്തുടർന്ന്‌ വികസന പദ്ധതികൾ പലതും നടപ്പാക്കാനാകുന്നില്ലെന്നും കഴിഞ്ഞ യു.ഡി.എഫ്. ഭരണസമിതി പഞ്ചായത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തിയിട്ടുണ്ടെന്നും എൽ.ഡി.എഫ്. ഭരണസമിതിയംഗങ്ങൾ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഉപരോധം. പത്താം തീയതിക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് ജോയിന്റ്‌ ഡയറക്‌ടർ പി.സി. മജീദ് ഉറപ്പു നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. രണ്ടരയോടെ പ്രതിഷേധം അവസാനിപ്പിച്ചു.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 11-ന് വീണ്ടും ഉപരോധം നടത്തുമെന്ന് പ്രസിഡന്റ്‌ ബിന്ദുപ്രകാശ്‌ പറഞ്ഞു. ഉപരോധ സമരത്തിൽ വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, പഞ്ചായത്ത്‌ അംഗങ്ങളായ കലാരാജ് ഉണ്ണികൃഷ്ണൻ, ഷൈജാ മഗേഷ്, പി. എൻ. പ്രേംജി, എ. ആർ. സന്ദീപ്, ബാബു മൈലാടി, പി.ബി. മിനി, അഞ്ജു ബാബുരാജ് എന്നിവർ പങ്കെടുത്തു.