പ്രവേശനഫീസ് കൂട്ടിയിട്ടും
പേരാമ്പ്ര : പ്രവേശനഫീസുകൾ കൂട്ടിയിട്ടും വിനോദസഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാതെ ജാനകിക്കാട് ഇക്കോ ടൂറിസംകേന്ദ്രം. അടിസ്ഥാനസൗകര്യങ്ങളിൽ ഏറെക്കാലമായി കാര്യമായ വികസനം ഉണ്ടാകുന്നില്ലെന്നാണ് സഞ്ചാരികളുടെ പരാതി. 2008-ൽ വനംമന്ത്രി ബിനോയ് വിശ്വമാണ് ടൂറിസംകേന്ദ്രം നാടിനായി സമർപ്പിച്ചത്. കുറ്റ്യാടിപ്പുഴയുടെ തീരത്ത് മരുതോങ്കര പഞ്ചായത്തിന്റെ അതിർത്തിപ്രദേശത്താണ് ജാനകിക്കാട്.
325 ഏക്കറോളം വിസ്‌ത്രിതിയുള്ള ജാനകിക്കാട് ജൈവവൈവിധ്യത്താൽ സമ്പുഷ്ടമാണ്. അപൂർവ ഔഷധസസ്യങ്ങൾ ഒട്ടേറെയുണ്ട്. വിവിധതരം പക്ഷികളുടെ ആവാസകേന്ദ്രവുമാണിത്. പ്രകൃതിഭംഗി ആസ്വദിച്ച് കാട്ടിലൂടെ രണ്ടുകിലോമീറ്റർ സഞ്ചരിക്കാനായി ദിവസവും ഒട്ടേറെപ്പേർ എത്താറുണ്ട്. സ്‌കൂളുകളിൽനിന്ന് പഠനയാത്രയ്ക്കായി വിദ്യാർഥികളെത്തുക പതിവാണ്. കെ.എസ്.ആർ.ടി.സി. ടൂറിസം പദ്ധതിയിൽ സഞ്ചാരികളുമായി ബസുമെത്തുന്നു. 2024-ൽ 12 ലക്ഷം രൂപയുടെ വരുമാനം സെന്ററിൽ ലഭിച്ചിട്ടുണ്ട്.
30 ലക്ഷത്തിന്റെ പദ്ധതിക്കായി കാത്തിരിപ്പ്
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കോടൂറിസം വികസനത്തിനായി 30 ലക്ഷത്തിന്റെ പദ്ധതി അനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാൽ, പദ്ധതി അനുമതി കിട്ടി യാഥാർഥ്യമാകാൻ വൈകുകയാണ്. മാക്കാച്ചിക്കാടയെ ഐക്കണാക്കി പ്രധാന കവാടം സ്ഥാപിക്കൽ, കുട്ടികൾക്കായി പാർക്ക്, സഞ്ചാരികൾക്കായി വിശ്രമമുറി, വായനശാല, ശൗചാലയം, ഇക്കോഷോപ്പ്, നടപ്പാതനവീകരണം, കൈവരികൾ സ്ഥാപിക്കൽ, ടിക്കറ്റ് കൗണ്ടർ നവീകരണം, ചങ്ങാടം, ജി.ഐ. പൈപ്പിൽ പാലമൊരുക്കൽ തുടങ്ങിയ പദ്ധതികളാണ് സർക്കാരിന് സമർപ്പിച്ചത്.
ഉദ്ഘാടനവേളയിൽ പുഴയിൽ മുളംചങ്ങാടവും കാടിനുള്ളിൽ ഏറുമാടവും ഒരുക്കിയിരുന്നു. എന്നാൽ, അതെല്ലാം തകർന്നിട്ട് വർഷങ്ങളായി. കടന്തറപ്പുഴയിലേക്ക് ഇറങ്ങാനായി കൽപ്പടവുകൾ നിർമിക്കൽ, കൈവരികൾ സ്ഥാപിക്കൽ, 400 മീറ്റർ കരിങ്കൽപതിച്ച് നടപ്പാത നിർമിക്കൽ തുടങ്ങിയവയാണ് പിന്നീട് നടന്ന വികസനപ്രവൃത്തികൾ. പത്തുലക്ഷം രൂപ ചെലവഴിച്ച് കാടിനകത്തെ രണ്ടു പഴയ കെട്ടിടങ്ങൾ നവീകരിച്ച് കഴിഞ്ഞവർഷം നെയ്‌ചർ എജുക്കേഷൻ സെന്ററും സജ്ജമാക്കിയിരുന്നു.
വാഹനപാർക്കിങ്ങിന് സ്ഥലം വേണം
ടൂറിസംകേന്ദ്രത്തിൽ വാഹനങ്ങൾ പാർക്കുചെയ്യാൻ പ്രത്യേക സ്ഥലമില്ലാത്തത് സഞ്ചാരികളെ ഏറെ പ്രയാസപ്പെടുത്തുന്നു. വാഹനങ്ങൾ റോഡരികിൽത്തന്നെ പാർക്കുചെയ്യണം. ഗതാഗതതടസ്സത്തിനും ഇത് കാരണ്. വീതികുറഞ്ഞ കനാൽ നീർപ്പാലം വഴി വേണം കേന്ദ്രത്തിലേക്ക് എത്താൻ. പൊതുഗതാഗതമില്ലാത്തതിനാൽ സ്വകാര്യ വാഹനത്തിലോ വാഹനം വിളിച്ചോ വേണം ഇവിടേക്ക് എത്താൻ. മുള്ളൻകുന്ന് ഭാഗത്തേക്ക് പോകുന്ന വീതികുറഞ്ഞ റോഡിന്റെ ഒരുവശത്ത് കെട്ടാത്തതും കൈവരി നിർമിക്കാത്തതും വാഹനങ്ങൾക്ക് അപകടഭീഷണിയാണ്.
പ്രദേശത്ത് രാത്രികാലങ്ങളിൽ വെളിച്ചത്തിന് തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല. സോളാറിൽ പ്രവർത്തിക്കുന്ന തെരുവുവിളക്കുകളാണ് സ്ഥാപിക്കേണ്ടത്. കാട്ടുപോത്തുകൾ പകൽസമയത്തുപോലും പ്രദേശത്ത് എത്തുന്നത് വിനോദസഞ്ചാരികൾക്ക് ഭീഷണിയാണ് .
ഫീസ് കുത്തനെ ഉയർത്തി
വനംവകുപ്പിന്റെ ഇക്കോ ടൂറിസംകേന്ദ്രങ്ങളിൽ ജൂൺ മാസം ഫീസുകൾ കൂട്ടിയപ്പോഴാണ് ജാനകിക്കാട്ടെയും ഫീസ് വർധിപ്പിച്ചത്. കുട്ടികൾക്ക് 20-ൽനിന്ന് 25 രൂപയായും മുതിർന്നവർക്ക് 40-ൽനിന്ന് 50 രൂപയായും വിദേശികൾക്ക് 100-ൽനിന്ന് 125 രൂപയായും പ്രവേശനഫീസ് വർധിച്ചു. നികുതിയടയ്ക്കാനുള്ള നിർദേശത്തെത്തുടർന്നാണ് ഫീസുകളിൽ വർധന വന്നത്.
Published: 04 Oct 2026, 03:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented