കരിന്തിരിക്കടവിൽ ഇടുങ്ങിയ പാലത്തിലൂടെയുള്ള യാത്ര ദുസ്സഹം
വീതിയില്ല , കൈവരി തകർന്നു
മാനന്തവാടി : കരിന്തിരിക്കടവിൽ പുതിയ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കമ്മന-കരിന്തിരിക്കടവ് പാലം പുതുക്കിപ്പണിയണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണെങ്കിലും അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ല എന്നാണ് ആരോപണം. പാലം നിർമിച്ചിട്ട് രണ്ടരപ്പതിറ്റാണ്ടേ ആയിട്ടുള്ളൂവെങ്കിലും ഇതുവഴിയുള്ള വാഹനയാത്ര ഇപ്പോൾ ദുഷ്കരമാണ്. പാലത്തിന് മതിയായ വീതിയില്ലാത്തതും തകർന്ന കൈവരികളും യാത്രയ്ക്ക് അപകടഭീഷണി ഉയർത്തുന്നു. പുതിയ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് (റോഡ്) വിഭാഗം സ്ഥലപരിശോധനയുൾപ്പെടെ നടത്തി പോയെങ്കിലും പാലം വരുന്നത് അനന്തമായി നീളുകയാണ്. കഴിഞ്ഞ ബജറ്റിൽ പാലം ടോക്കൺ പ്രൊവിഷനിൽ ഉൾപ്പെടുത്തിയത് പ്രതീക്ഷനൽകുന്നു.
മാനന്തവാടി നഗരസഭയെയും എടവക ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന, അൻപതുലക്ഷം രൂപ ചെലവിൽ നിർമിച്ച പാലം 2002-ലാണ് തുറന്നുകൊടുത്തത്. ജില്ലാപഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ഗ്രാമപ്പഞ്ചായത്ത്, എടവക ഗ്രാമപ്പഞ്ചായത്ത്, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയായിരുന്നു നിർമാണം. പാലം പനമരം ഗ്രാമപ്പഞ്ചായത്തിലെ ആറാംമൈൽ ഭാഗത്തേക്കുള്ള പ്രധാന പാതകൂടിയാണ്. മാനന്തവാടിയിൽനിന്ന് പാലത്തിന് ഇക്കരെവരെയും പാലം കടന്നശേഷം ആറാംമൈൽ വരെ നല്ല റോഡും വന്നെങ്കിലും പാലംമാത്രം പുതുക്കിപ്പണിതില്ല. ഇതേകാലത്ത് നിർമിച്ച കമ്മനയിൽ പുതിയപാലം ഉയർന്നു. വർഷങ്ങൾക്കുമുന്നേതന്നെ കൊയിലേരിയിലും വലിയപാലം നിർമിച്ചിരുന്നു.
യാത്രയ്ക്ക് അപകടഭീഷണി
പാലത്തിന്റെ ഇരുവശവും നല്ല റോഡായതിനാൽ വേഗത്തിൽവരുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലം കാണുമ്പോൾ വേഗം കുറയ്ക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അപകടത്തിനു കാരണമാവുന്നുണ്ട്. ഒരേസമയം രണ്ടു കാറുകൾക്ക് കടന്നുപോകാൻ സാധിക്കാത്ത പാലമാണിത്. കൈവരികൾ തകർന്നതിനാൽ വാഹനങ്ങൾ പുഴയിലേക്ക് പതിക്കാനും സാധ്യത ഏറെയാണ്. രാത്രിയിൽ വരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. രണ്ടുവർഷംമുൻപ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച തവിഞ്ഞാൽ സ്വദേശി പാലത്തിൽനിന്ന് പുഴയിലേക്ക് വീണ് മരിച്ചിരുന്നു. പാലത്തിന്റെ വശങ്ങളിലും പുഴയിലുമായി ആറ് കോൺക്രീറ്റ് തൂണുകളാണ് നിർമിച്ചിട്ടുള്ളത്. ഇവയിൽ ഒന്ന് പുഴയിലേക്ക് അമർന്നിട്ടുണ്ട്.
ബസ് സർവീസുകൾ നിലയ്ക്കുന്ന അവസ്ഥ
അപകടഭീഷണിയിലായ പാലത്തിലൂടെയുള്ള ബസ് യാത്രയും നിലയ്ക്കുന്ന അവസ്ഥയാണ്. മാനന്തവാടിയിൽനിന്ന് പടിഞ്ഞാറത്തറ, പനമരം, പുല്പള്ളി ഭാഗങ്ങളിലേക്കായി മൂന്നു ബസുകൾ പാലം വഴി 14 സർവീസുകൾ നടത്തുന്നുണ്ട്. പാലം പുതുക്കിപ്പണിഞ്ഞില്ലെങ്കിൽ ഇവ നിലയ്ക്കുന്ന മട്ടാണ്. പുതിയ പാലവും അനുബന്ധ റോഡും നിർമിക്കണമെന്നാവശ്യപ്പെട്ട് ഉഷാ വിജയൻ എം.എൽ.എ. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് അധികൃതരെ സമീപിച്ചിട്ടുണ്ട്.
അനാസ്ഥ അവസാനിപ്പിക്കണം
അധികൃതർ കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണം. സ്കൂൾ വാഹനങ്ങളുൾപ്പെടെ കടന്നുപോകുന്ന പാലം പുതുക്കിപ്പണിയണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. എന്തെങ്കിലും അപകടമുണ്ടായശേഷം പ്രവർത്തിച്ചിട്ട് കാര്യമില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഉടൻ പുതിയ പാലം നിർമിക്കണം.
വിനേഷ് കമ്മന, നാട്ടുകാരൻ
Published: 03 Oct 2026, 03:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented