ചില്ലുകൾ തകർന്നു

To advertise here,

മാനന്തവാടി : സ്കൂൾബസിനുനേരേ കാട്ടുപോത്തിന്റെ ആക്രമണം. മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് ടി.ടി.ഐ.യുടെ ബസിനുനേരേയാണ് ആക്രമണമുണ്ടായത്.

വ്യാഴാഴ്ച വൈകീട്ട് നാലോടെ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലായിരുന്നു സംഭവം. ഒന്നുമുതൽ ഏഴുവരെ ക്ലാസിലുള്ള കുട്ടികൾ പഠിക്കുന്ന സ്കൂൾ, അധ്യാപക പരിശീലനകേന്ദ്രംകൂടിയാണ്.

തേയിലത്തോട്ടത്തിൽക്കൂടി നടന്നെത്തിയ കാട്ടുപോത്ത് പൊടുന്നനെ ഓടി റോഡിലൂടെ നീങ്ങുകയായിരുന്ന ബസിന്റെ പിൻഭാഗത്ത് കുത്തി ഓടിമറയുകയായിരുന്നു. ഡ്രൈവർ സമയോചിതമായി വാഹനം നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പോത്ത് കുത്തിയതിനെ തുടർന്ന് ബസിന്റെ ചില്ലുകൾ തകർന്നു. ഈ ഭാഗത്തിരുന്ന രണ്ടു കുട്ടികൾക്കു നിസ്സാരപരിക്കേറ്റു. ഇവർക്ക് വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.

വനപാലകർ അനാസ്ഥ കാട്ടുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിലുണ്ടായിരുന്ന എസ്റ്റേറ്റ് ചെയർമാൻകൂടിയായ കളക്ടർ വി. ചെൽസാസിനിയുമായി നാട്ടുകാർ സംസാരിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതായും കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റാനുള്ള നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു.

രാത്രി ഏഴരയോടെ വനപാലകർ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി. പ്രതിഷേധത്തിനു കൗൺസിലർ വി.ആർ. പ്രവീജ്, മുജീബ് കോടിയോടൻ, സോമൻ വട്ടർകുന്ന്, സി.എച്ച്. സുഹൈർ, എ.കെ. റൈഷാദ്, ഫൈസൽ പഞ്ചാരക്കൊല്ലി, ഒ.പി. ഷമീർ, നാസർ പുത്തൻകുളം റഷീദ് നിലാംബരി തുടങ്ങിയവർ നേതൃത്വംനൽകി.