കല്പറ്റ : കൃഷിവകുപ്പ് മുഖേന കർഷകർക്ക് ലഭ്യമാക്കുന്ന മുഴുവൻ സേവനങ്ങളും ഫാർമർ സ്മാർട്ട് ഐ.ഡി. കാർഡിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. സംസ്ഥാനസർക്കാരിന്റെ നൂറുദിനകർമപരിപാടിയുടെ ഭാഗമായി കതിർ പോർട്ടൽ സ്മാർട്ട് ഐ.ഡി. കാർഡ്, സോയിൽ ഹെൽത്ത് കാർഡ് എന്നിവയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര-സംസ്ഥാന കർഷകക്ഷേമപദ്ധതികൾ കതിർ സ്മാർട്ട് ഐ.ഡി. കാർഡിലൂടെ കർഷകർക്ക് ലഭ്യമാകും. സംസ്ഥാനത്തെ 1076 കൃഷിഭവനുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകനെ ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുന്നതിലൂടെ അനർഹരുടെ കൈകളിലേക്ക് കാർഷികപദ്ധതികൾ, പണം കൈമാറുന്നത് തടഞ്ഞ് ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാൻ സാധിക്കും. ഓരോ പദ്ധതിക്കും ഓരോ വെരിഫിക്കേഷൻ എന്നുള്ളതുമാറ്റി എല്ലാ പദ്ധതികളുടെയും വെരിഫിക്കേഷൻ പൂർണമായെന്ന് ആക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

To advertise here,

ആദ്യ സ്മാർട്ട് കൃഷിഭവൻ മുട്ടിലിൽ

ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ മുട്ടിലിൽ മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനംചെയ്തു. വിത്തുകൾ, വളങ്ങൾ, മണ്ണുപരിശോധന, കൃഷി ഉപദേശങ്ങൾ എന്നിവ ഇനി വേഗത്തിൽ ലഭ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഹംസ വിത്ത്-എൽനിനോ പത്രിക എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, കൃഷി അഡീഷണൽ ഡയറക്ടർ എസ്. സപ്ന, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ. സീമ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. മുഹമ്മദ് ഷാഫി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. ബിജു, മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ലീന സി. നായർ തുടങ്ങിയവർ സംസാരിച്ചു.