പഴയന്നൂർ : വൈദ്യുതിബിൽ കുടിശ്ശികയെത്തുടർന്ന് അവതാളത്തിലായി കല്ലേപ്പാടം സാമൂഹിക സൂക്ഷ്‌മജലസേചനപദ്ധതി (കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി). പ്രവർത്തനം തുടങ്ങി ഒരുവർഷം പൂർത്തിയാകുന്നതിനുമുൻപുതന്നെ വൈദ്യുതിബിൽ കുടിശ്ശികയായതിന്റെ പേരിലാണ് പമ്പ് ഹൗസിലെ വൈദ്യുതി വിച്ഛേദിച്ചത്.
ഇതോടെ 32 കർഷകരുടെ 81 ഏക്കർ കൃഷിയിടത്തിൽ ജലസേചനമില്ലാതെ വിളകൾ ഉണക്കുഭീഷണിയിലാണ്.
കിഫ്ബി ഫണ്ടിൽ രണ്ടുകോടി രൂപ ഉപയോഗിച്ച് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് ജില്ലയിലെത്തന്നെ ആദ്യത്തെ ഡ്രിപ്പ് ഇറിഗേഷൻ പദ്ധതി പൂർത്തീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 28-ന് ജലവിഭവമന്ത്രിയായിരുന്ന റോഷി അഗസ്റ്റിനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനസർക്കാരിന്റെ ജലസേചനസൗകര്യവികസനത്തിന് നേതൃത്വം നൽകുന്ന സ്ഥാപനമായ കെ.ഐ.ഐ.ഡി.സി.ക്കാണ് (കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെൻറ് കോർപറേഷൻ) പദ്ധതിമേൽനോട്ടം. പ്രവർത്തനം നടത്തേണ്ട സ്വകാര്യ കമ്പനി അധികൃതർ പമ്പ് ഹൗസ് പൂട്ടി താക്കോലുമായി സ്ഥലംവിട്ടതായി ഇറിഗേഷൻ സമിതി ഭാരവാഹികൾ പഴയന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കൂടാതെ ജലവിഭവവകുപ്പുമന്ത്രി, എം.പി., എം.എൽ.എ. എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
കർഷകർ പറയുന്നത്
:പദ്ധതിരേഖകൾപ്രകാരം ആദ്യ മൂന്നുവർഷത്തേക്ക് എല്ലാ പ്രവർത്തനച്ചെലവുകളും വൈദ്യുതിബിൽ ഉൾപ്പെടെ, അടയ്ക്കേണ്ടത് കെ.ഐ.ഐ.ഡി.സി.യോ കമ്പനിയോ ആണ്. മൂന്നുവർഷത്തിനുശേഷം മാത്രമാണ് കർഷകർ ചെലവ് ഏറ്റെടുക്കേണ്ടതെന്ന് കരാർ എഴുതിയിട്ടുണ്ട്. അതിനാൽത്തന്നെ ഇപ്പോഴത്തെ ബിൽ അടയ്ക്കാൻ കർഷകർ ബാധ്യസ്ഥരല്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും സെപ്റ്റംബർ 14-നുപമ്പ് ഹൗസിലെത്തിയ കമ്പനി എം.ഡി., കുടിശ്ശികയടച്ചാൽ മാത്രമേ പമ്പ് പ്രവർത്തിപ്പിക്കാനാകൂവെന്ന് പറഞ്ഞ് പൂട്ടിപ്പോകുകയായിരുന്നുവെന്ന് കല്ലേപ്പാടം കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സമിതി പ്രസിഡന്റ് റോയ് പോൾ പറഞ്ഞു. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Published: 24 Sept 2026, 03:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented