61 സിലിൻഡറുകളും രണ്ടുവാഹനങ്ങളും പിടിച്ചെടുത്തു

To advertise here,

പറവൂർ : ഒഴിഞ്ഞപറമ്പിൽ അനധികൃതമായി പാചകവാതക സിലിൻഡറുകൾ കൂട്ടിവെച്ച് വിൽപ്പന നടത്തുന്ന കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് വാണിജ്യ ആവശ്യങ്ങൾക്ക് നൽകുന്ന 61 സിലിൻഡറുകളും അവ വിൽപ്പന കേന്ദ്രങ്ങളിൽ എത്തിക്കുന്ന രണ്ടുവാഹനങ്ങളും പറവൂർ പോലീസ് പിടിച്ചെടുത്തു.

കിഴക്കേപ്രം ചെത്യാട്ടുകുടി റോഡ് വയലകത്ത് വി.ആർ. ജഗത്സനെതിരേ (58) പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുനമ്പം ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണനു ലഭിച്ച സന്ദേശത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. പാചകവാതക സിലിൻഡറുകൾ സൂക്ഷിക്കാനോ വിൽപ്പന നടത്തുന്നതിനോ ഉള്ള ലൈസൻസ് ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നത്. പറവൂരിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് അനധികൃതമായി വിൽപ്പനയും വിതരണവും നടത്തിയിരുന്നത്.

കിഴക്കേപ്രം ചെത്യാട്ടുകുടി ബെവറജസ് റോഡിലെ ജഗത്സന്റെ വീടിനോടുചേർന്ന് ഈരടിപ്പറമ്പ് കവലയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ സിലിൻഡറുകൾ സ്റ്റോക്ക് ചെയ്തിരുന്നത്. വിവിധ കമ്പനികളുടെ സിലിൻഡറുകളായിരുന്നു ഇവ.

വെണ്ണലയിലെ ഒരു ഗ്യാസ് ഏജൻസിയിലെ സിലിൻഡറുകളായിരുന്നു കൂടുതലും ഈ ഏജൻസിക്കും മറ്റേതെങ്കിലും ഏജൻസികൾക്കും ഇതിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്.