കെ.എസ്.ആർ.ടി.സി.ക്ക് ബസ് വാങ്ങാൻ പണം നൽകി അങ്കമാലിക്കാരൻ

To advertise here,

അങ്കമാലി : മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഹ്വാനത്തിൽ പ്രചോദിതനായി കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ പണം നൽകി അങ്കമാലി സ്വദേശി. അങ്കമാലി മൂക്കന്നൂർ അട്ടാറകുളങ്ങര വീട്ടിൽ കെ.ടി. ജോസാണ് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി.ക്ക് 40 ലക്ഷം രൂപ നൽകിയത്. ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി കെ.എസ്.ആർ.ടി.സി.ക്ക് ബസ് വാങ്ങാൻ പണം നൽകുന്നത്. മന്ത്രിമാരായ സി.പി. ജോൺ, റോജി എം. ജോൺ എന്നിവരുടെ സാനിധ്യത്തിൽ 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് കെ.ടി. ജോസ് കൈമാറി.

ബുധനാഴ്ച മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. സ്വകാര്യ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി.ക്ക് ബസ് വാങ്ങി നൽകാം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ശ്രദ്ധയിൽ പെട്ടതിനാലാണ് ബസ് വാങ്ങാൻ പണം നൽകിയതെന്ന് ജോസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.ക്ക് തന്നാലാകുന്ന കൈത്താങ്ങ് നടത്തിയതാണെന്നും സാധാരണക്കാരുടെ ആശ്രയമായ പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ജോസ് പറഞ്ഞു.

പുതിയ ബസ് അങ്കമാലി ഡിപ്പോയിലേക്ക് അനുവദിക്കണമെന്ന് ജോസ് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുമുണ്ട്. അതിരപ്പിള്ളി വിനോദസഞ്ചാരമേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ ബസ് സർവീസ് വേണമെന്നും ജോസ് ആവശ്യപ്പെട്ടു. ഹീമാൻ ഓട്ടോ റോബോ പാർക്ക് കമ്പനി മാനേജിങ് ഡയറക്ടറാണ് കെ.ടി. ജോസ്. മൾട്ടി ലെവൽ റോബോട്ടിക് കാർ പാർക്കിങ് സംവിധാനം ഒരുക്കി നൽകുന്ന കമ്പനിയാണിത്.

റോബോട്ടിക് പാർക്കിങ് സംവിധാനത്തിൽ ജോസിന് നാല് പേറ്റന്റുണ്ട്. ജോസിന്റെ ഭാര്യ ഹണി കമ്പനിയിലെ ഫിനാൻസ് ഡയറക്ടറാണ്. മകൻ ആഷിൻ ന്യൂസീലൻഡിൽ എൻജിനിയറാണ്. മകൾ അയർലൻഡിൽ ചാർട്ടേഡ് അക്കൗണ്ടന്റും.