ഫോർട്ടുകൊച്ചി : എറണാകുളത്തുനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് ജലഗതാഗതവകുപ്പ് നടത്തിയിരുന്ന ബോട്ട് സർവീസുകൾ വീണ്ടും വെട്ടിക്കുറച്ചു. ഈ റൂട്ടിൽ ബോട്ടുകളുടെ എണ്ണവും കുറച്ചു. ഇതോടെ ഫോർട്ട്കൊച്ചിയിൽ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

To advertise here,

വർഷങ്ങൾക്കുമുൻപ് ദിവസം 60-ഓളം ട്രിപ്പുകളാണ് ഈ റൂട്ടിലുണ്ടായിരുന്നത്. നാലുബോട്ടുകൾ ഇവിടേക്ക് മാത്രം സർവീസ് നടത്തിയിരുന്നു. ഇതുകൂടാതെ വൈപ്പിനിലേക്കുള്ള ബോട്ടുകളും ഫോർട്ട്കൊച്ചിയിൽ എത്തിയിരുന്നു. രണ്ടാഴ്ചയായി ട്രിപ്പുകൾ ഗണ്യമായി വെട്ടിക്കുറച്ചതായി യാത്രക്കാർ പരാതിപ്പെടുന്നു. ഇപ്പോൾ ആകെ ട്രിപ്പുകൾ 25-ൽ താഴെ മാത്രമാണ്.

നേരത്തേ ഓരോ 15 മിനിറ്റ് കൂടുമ്പോഴും ഫോർട്ട്കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് ബോട്ടുണ്ടായിരുന്നു. അത് മാറി. ഇപ്പോൾ അതിന്റെ ഇരട്ടി സമയം കാത്തിരുന്നാലും ബോട്ട് വരാത്ത സ്ഥിതിയായി. കൊച്ചിയിലെ സാധാരണ തൊഴിലാളികളുടെ പ്രധാന യാത്രാമാർഗം ബോട്ടുകളായിരുന്നു. എറണാകുളം നഗരത്തിലേക്ക് തൊഴിലിനായി വരുന്നവരും ആശുപത്രികളിലേക്ക് വരുന്നവരുമൊക്കെ ആശ്രയിച്ചിരുന്നത് ബോട്ട് സർവീസിനെയാണ്. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ, ചെറുകിട കച്ചവടക്കാർ, വഴിയോരക്കച്ചവടക്കാർ, നിർമാണത്തൊഴിലാളികൾ തുടങ്ങി ആയിരക്കണക്കിന് സാധാരണക്കാരാണ് ബോട്ടുകളെ ആശ്രയിച്ചുവരുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ, ഏറ്റവും വേഗത്തിൽ നഗരത്തിലെത്താമെന്നതാണ് ബോട്ട് സർവീസിന്റെ പ്രത്യേകത. ഫോർട്ട്കൊച്ചിയിൽനിന്ന് എറണാകുളത്തേക്ക് ഇപ്പോഴും യാത്രക്കൂലി വെറും ആറുരൂപ മാത്രമാണ്. ബസ് യാത്രയ്ക്ക് ചാർജ് 23 രൂപയാണ്. റോഡുമാർഗമാണ് യാത്രയെങ്കിൽ നഗരത്തിലെത്താൻ ഒരുമണിക്കൂർ വേണം. ബോട്ടിന്റെ യാത്രാ സമയം വെറും 20 മിനിറ്റാണ്.

ന്യായമായ രീതിയിൽ ബോട്ട് യാത്രക്കൂലി വർധിപ്പിക്കുന്നതിന് യാത്രക്കാർക്ക് എതിർപ്പില്ലെന്നും അത് ചെയ്യാതിരുന്നത് അധികൃതരുടെ പിടിപ്പുകേടാണെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നുണ്ട്. ഇതിനിടെ എറണാകുളത്തെ പഴയ ബോട്ട് ജെട്ടി, വാട്ടർ മെട്രോയുടെ വികസനത്തിനായി ഏറ്റെടുക്കുന്നതായി നീക്കമുണ്ടെന്നും ഇത് നിർത്തിവയ്ക്കണമെന്നും പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പുരാതനകാലം മുതൽ എറണാകുളത്തെയും ഫോർട്ട്കൊച്ചിയെയും ബന്ധിപ്പിച്ച് ബോട്ട് സർവീസുണ്ടായിരുന്നു. കൊച്ചിപ്രദേശത്തിന്റെ സാധാരണ ജീവിതത്തിൽ ബോട്ട് സർവീസ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സർവീസ് കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി ഭാരവാഹികളായ എം.എം. അബ്ബാസ്, എസ്. പത്മനാഭ മല്യ എന്നിവർ പറഞ്ഞു. റദ്ദാക്കിയ ബോട്ടുകൾ തിരിച്ചു കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.