തൃശ്ശൂർ : പക്രുവുൾപ്പെടെ ഗിന്നസ് തിളക്കത്തിലെത്തിയ സംസ്ഥാനത്തെ 40 പേർ സാംസ്കാരിക നഗരിയിൽ ഒത്തുകൂടി. അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോഡ് ഹോൾഡേഴ്‌സിന്റെ പതിനൊന്നാമത് വാർഷിക സംഗമമാണ് കൂടിച്ചേരലിന് വേദിയായത്. 115 പേരാണ് കേരളത്തിൽനിന്ന് ഗിന്നസ് സ്വന്തമാക്കിയത്.

To advertise here,

ഇതുവരെ മറികടക്കാനാവാത്ത ഗിന്നസ് റെക്കോഡ് നേടിയ പക്രുവിന് ചടങ്ങിൽ നോൺ ബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കോഡ് അവാർഡ് നൽകി ആദരിച്ചു. പൊക്കാൻ ജനങ്ങളുണ്ടെങ്കിൽ പിന്നെയെന്തിനാണ് പൊക്കമെന്ന് അവാർഡ് സ്വീകരിച്ച പക്രു പറഞ്ഞു. ലോകശ്രദ്ധയിലേക്ക് കേരളത്തെ എത്തിച്ചവരുടെ സദസ്സാണിതെന്ന് ഉദ്ഘാടനംചെയ്ത കെ. രാജൻ എം.എൽ.എ. പറഞ്ഞു.

ലോകശ്രദ്ധ നേടിയവരായിരുന്നിട്ടും ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയവർക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നത് ദുഃഖകരമായ സത്യമാണെന്ന് രാജൻ ജെ. പല്ലൻ എം.എൽ.എ. പറഞ്ഞു. ഇക്കാര്യം നിയമസഭ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് സത്താർ ആദൂർ അധ്യക്ഷനായി. മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൗൺസിലർ പൂർണിമാ സുരേഷ്, സെക്രട്ടറി സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ, തോമസ് ജോർജ്, ലത കളരിക്കൽ, വിജിതാ രതീഷ്, പ്രിജേഷ് കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.