മാള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത്

To advertise here,

ജീവനക്കാരും പൊതുജനങ്ങളും ഭീതിയിൽ

മാള : മാള ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ സ്ഥലത്ത് തെരുവുനായകളുടെ എണ്ണം പെരുകുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പട്ടികജാതിവികസന ഓഫീസ്, വ്യവസായവികസന ഓഫീസ്, യൂത്ത് ഗൈഡൻസ് സെന്റർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസ്, സാക്ഷരതാമിഷൻ ഓഫീസ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, കാന്റീൻ, ബ്ലോക്ക് പഞ്ചായത്ത് ഹാൾ തുടങ്ങിയവ പ്രവർത്തിക്കുന്ന സ്ഥലത്താണ് തെരുവുനായ്ക്കൾ വിഹരിക്കുന്നത്. ഇതോടെ ഓഫീസുകളിലെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന നാട്ടുകാരും പ്രതിസന്ധിയിലാണ്. ഏതു നിമിഷവും നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണം പ്രതീക്ഷിച്ചുവേണം ഈ ഭാഗത്തെ ഓഫീസുകളിലേക്കു പോകാനെന്ന സ്ഥിതിയാണ്.

നായ്ക്കൾ കൂട്ടമായി കിടക്കുന്നതുമൂലം പുറത്തുള്ള ശൗചാലയത്തിലേക്കു പോലും പോകാൻ ഭയമാണെന്ന് ജീവനക്കാർ പറയുന്നു. ഓഫീസുകളിലേക്കെത്തുന്നവർക്കു നേരേ നായ്ക്കൾ കുരച്ച് ഓടിയെത്താറുണ്ട്. ഇവയിൽ ചില നായ്ക്കൾ ആക്രമണ സ്വഭാവമുള്ളവയായതിനാൽ ഭക്ഷണം കഴിക്കാൻ വരുന്നതിനു പോലും ആളുകൾ ഭയക്കുകയാണെന്ന് കുടുംബശ്രീയുടെ കലവറ കാന്റീൻ നടത്തുന്ന റിജി പറയുന്നു.

ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിൽ വാടകയ്ക്ക് മുറിയെടുത്ത് സംരംഭങ്ങൾ നടത്തുന്നവരും അവരുടെ ജീവനക്കാരും ആശ്രയിക്കുന്നത് ഇവിടത്തെ പൊതുശൗചാലയത്തെയാണ്. പകൽ വല്ലപ്പോഴും മാത്രമേ നായ്ക്കൾ ബ്ലോക്ക് പഞ്ചായത്ത് കവാടംവിട്ട് പുറത്തേക്ക് പോകാറുള്ളൂ.

വിവിധ സ്ഥാപനങ്ങളിലായി നാല്പതോളം പേരാണ് ജോലി ചെയ്യുന്നത്. ഇതേ സ്ഥലത്ത് വെറ്റിറനറി ക്ലിനിക്കിന്റെ ഭാഗത്താണ് എ.ബി.സി. കേന്ദ്രം നിർമിച്ചിട്ടുള്ളത്. നിർമാണവും ഉദ്‌ഘാടനവും കഴിഞ്ഞ് ഒരു വർഷമായി പൂട്ടിക്കിടക്കുന്ന എ.ബി.സി. കേന്ദ്രം തുറന്ന്‌ പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല.