ചെറുതുരുത്തി : ചെറുതുരുത്തിയിൽ മരം വീണ്‌ വീടുകൾക്കു നാശനഷ്ടം. ചെറുതുരുത്തി കോഴിമാംപറമ്പ് കനാൽഭാഗത്താണ് സംഭവം. കനത്ത മഴയെത്തുടർന്ന്‌ ഇവിടെ ചീരക്കുഴി കനാലിനു സമീപം നിന്ന പടർന്നുപന്തലിച്ച വലിയപുളി മരം ഒടിഞ്ഞുവീണു. കോഴിമാംപറമ്പ് താഴത്തിറക്കിൽ വീട്ടിൽ ജമീല, കോഴിമാംപറമ്പ് വീട്ടിൽ മാരിമുത്തു, സീന നിവാസിൽ സീന തുടങ്ങിയവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

To advertise here,

വൻമരം കാലപ്പഴക്കംകൊണ്ടു വീഴാറായ നിലയിലായിരുന്നു. നാട്ടുകാർ ഇതുസംബന്ധിച്ച്‌ ചീരക്കുഴി ഇറിഗേഷൻ വകുപ്പ്‌ അധികൃതർക്ക്‌ പരാതി നൽകിയിരുന്നു. മരം വീഴുന്ന ശബ്ദം കേട്ട്‌ വീടിനുള്ളിലുള്ള ആളുകൾ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. വീടുകളുടെ മേൽക്കൂരകൾ, ചുമരുകൾ, പുറത്തെ മതിലുകൾ തുടങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവം അറിഞ്ഞ്‌ ചീരക്കുഴി ഇറിഗേഷൻ, വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.