മണ്ണാർത്തറ-കോട്ടക്കവല റോഡ് നവീകരണം വൈകുന്നു
കരിമണ്ണൂർ : മണ്ണാർത്തറ– കോട്ടക്കവല റോഡ് തകർന്നിട്ട് രണ്ടുവർഷത്തിലേറെയായി. റോഡിലെ കലുങ്കിന്റെ സ്ലാബ് തകർന്നു. അപകടസാധ്യത ഏറെയാണ്.
കരിമണ്ണൂർ–നെയ്യശ്ശേരി കവല റോഡിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിച്ചുവിടുന്നത് ഈ വഴിയിലൂടെയാണ്. ഇത്രയും പ്രാധാന്യമുള്ള റോഡാണ് കൃത്യമായി അറ്റകുറ്റപ്പണി നടത്താതെ നശിപ്പിക്കുന്നത്.
ബൈപ്പാസിന് പറ്റിയ റോഡ്
ഒന്നരക്കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന് എട്ടുമുതൽ പത്തുമീറ്റർ വരെ വീതിയുണ്ട്. ബൈപ്പാസിന് പറ്റിയ റോഡാണ്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് റോഡ്. ബൈപ്പാസ് ആക്കണമെന്ന് തീരുമാനിക്കേണ്ടതും ജില്ലാ പഞ്ചായത്താണ്.
കോടിക്കുളം പഞ്ചായത്തിലെ വണ്ടമറ്റത്തുനിന്ന് ഞറുക്കുറ്റിയിലേക്ക് നിർമിച്ച ബൈപ്പാസിന്റെ മാതൃകയിൽ മണ്ണാർത്തറ–കോട്ടക്കവല റോഡും ബി.എം.ബി.സി. നിലവാരത്തിലാക്കാം.
റോഡ് വികസിപ്പിച്ച് കരിമണ്ണൂരിലെ പ്രധാന ബൈപ്പാസാക്കി മാറ്റിയാൽ ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പ്രദേശത്തിന്റെ പൊതുവികസനത്തിന് വഴിയൊരുക്കാനും കഴിയും.
നെയ്യശ്ശേരി കവലയിൽനിന്ന് തൊമ്മൻകുത്തിലേക്ക് തിരിയുന്ന ഭാഗത്ത് കെട്ടിടങ്ങൾ റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് തിരിയാൻ ബുദ്ധിമുട്ടുണ്ട്. മണ്ണാർത്തറ റോഡ് മികച്ച നിലവാരത്തിൽ നവീകരിച്ച് ബദൽ ഗതാഗതമാർഗമായി ഉപയോഗപ്പെടുത്താനായാൽ ഈ പ്രശ്നത്തിനും പരിഹാരമാകും.
കെ.എസ്.ആർ.ടി.സി. വേണം
നെയ്യശ്ശേരി–തോക്കുമ്പൻ റോഡിന്റെ നിർമാണം പൂർത്തിയായതോടെ തൊടുപുഴയിൽനിന്ന് കരിമണ്ണൂർ, തൊമ്മൻകുത്ത്, നാരങ്ങാനം വഴി ഹൈറേഞ്ചിലേക്ക് ബസ് സർവീസ് ആരംഭിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിർദിഷ്ട ഹൈറേഞ്ച് സർവീസ് കരിമണ്ണൂർ ഹൈസ്കൂൾ കവലയിൽനിന്ന് മണ്ണാർത്തറ വഴി തിരിച്ചുവിടണമെന്ന ആവശ്യവും ഉയരുന്നു. ഇതുവഴി സർവീസ് ആരംഭിച്ചാൽ ആശുപത്രി, ഹയർ സെക്കൻഡറി സ്കൂൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെത്താൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും. നിലവിൽ കരിമണ്ണൂർ ചന്തക്കവലയിൽ ഇറങ്ങി മറ്റൊരു ബസിൽ കയറിയാണ് വിദ്യാർഥികളും രോഗികളും ഉൾപ്പെടെയുള്ളവർ ഈ സ്ഥാപനങ്ങളിലെത്തുന്നത്. മണ്ണാർത്തറ റോഡ് നവീകരിച്ച് ബസ് സർവീസ് ഇതുവഴിയാക്കുന്നത് യാത്രാദുരിതം കുറയ്ക്കും.
റോഡ് നവീകരണത്തിനും കലുങ്ക് നിർമാണത്തിനുമായി 20 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് പറഞ്ഞു. റോഡ് പൊതുമരാമത്ത് വകുപ്പിന് (പി.ഡബ്ല്യു.ഡി.) കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Published: 25 Oct 2026, 02:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented