തൃശ്ശൂർ : കാൽനടയാത്രികരെ വീഴ്ത്താൻ കുറുപ്പം റോഡിലെ നടപ്പാതയിൽ നിറയെ ചതിക്കുഴികൾ. അശാസ്ത്രീയനിർമാണത്തിന്റെ ഉത്തമ ഉദാഹരണമാകുകയാണ് കുറുപ്പം റോഡും നടപ്പാതയും. സ്വരാജ് റൗണ്ട് മുതൽ കൂർക്കഞ്ചേരി വരെയാണ് റോഡ്. തുടക്കത്തിലെ 300 മീറ്റർ ഭാഗത്താണ് ആദ്യഘട്ടത്തിലെ നിർമാണം നടക്കുന്നത്. കാനയേത് നടപ്പാതയേത് എന്നറിയാത്ത രീതിയിലാണ് പണി. നിലവിലുള്ള കാന പുനർനിർമിക്കാതെയാണ് രണ്ടടിയോളം ഉയരത്തിൽ കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് നടപ്പാത നിർമിക്കുന്നത്. ഓരോ 15 മീറ്ററിലും വെള്ളം കാനയിലേക്കൊഴുകാൻ ഇരുമ്പിന്റെ ഗ്രില്ലുകൾ സ്ഥാപിക്കാനാണ് പദ്ധതി. എന്നാൽ, പല ഭാഗങ്ങളിലും ഇത് ചെയ്തിട്ടുമില്ല. രണ്ടാഴ്ചയോളമായി നിലവിൽ ഈ ഗ്രില്ലിട്ട ഭാഗത്തിന്റെ പണി നടന്നിട്ട്. അതിനുശേഷം പുരോഗതിയില്ല.

To advertise here,

വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിലെ കുഴികൾ പലതും കമ്പികൾ വെച്ചും ഫ്ലക്സുകൾ വെച്ചും താത്കാലികമായി അടച്ചിരിക്കുകയാണ്. റോഡിനും കാനയ്ക്കുമിടയിലുള്ള ചെറിയ വിടവുകളും നികത്തിയിട്ടില്ല.

കൂർക്കഞ്ചേരി വരെയുള്ള ഭാഗത്തെ കോൺക്രീറ്റ് റോഡിന്റെ ഇരുവശത്തും നടപ്പാത നിർമിക്കാൻ രണ്ടുകോടി രൂപയുടെ പദ്ധതിയാണുള്ളത്. ആദ്യത്തെ 300 മീറ്ററിലെ പണിയാണ് പുരോഗമിക്കുന്നത്. കാൽനടയാത്രക്കാരെപ്പോലെ വാഹനയാത്രികർക്കും വിടവുകൾ പ്രതിസന്ധിയാണ്. ഈ വഴിയിലൂടെയുള്ള യാത്ര രാപകൽ വ്യത്യാസമില്ലാതെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു.

നിർമാണത്തിന്റെ കാര്യത്തിൽ നിരന്തരം പഴയ ഭരണസമിതിയെ കുറ്റപ്പെടുത്തിയിരുന്ന പുതിയ ഭരണസമിതിയംഗങ്ങൾ പോലും ഒരു മുൻകൈയും എടുക്കാത്ത സ്ഥിതിയാണ്.

വെള്ളക്കെട്ട് ഭീഷണിയും

നഗരത്തിൽ ശക്തമായ മഴയുണ്ടായാൽ സ്വരാജ് റൗണ്ടിൽ നിന്നുൾപ്പെടെ കുറുപ്പം റോഡിലൂടെയാണ് വെള്ളം ഒഴുകിപ്പോകുന്നത്. വെള്ളം പഴയ കാനയിലൂൂടെ ഒഴുകുമെന്നായിരുന്നു എൻജിനീയർമാരുടെ വാദം. റോഡിനേക്കാൾ ആറിഞ്ച് ഉയരം കൂട്ടിയാണ് കോൺക്രീറ്റ് കട്ടകളുള്ളത്. ഇതിനു താഴെയാണ് നിലവിൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കാന. റോഡിന്റെ ഇരുവശവും ശാസ്ത്രീയമായ രീതിയിലുള്ള കാനകളുമില്ല.

പ്രതിസന്ധിയിൽ വ്യാപാരികൾ

കുറുപ്പും റോഡിന്റെ ഇരുഭാഗങ്ങളിലുമായി അഞ്ഞൂറോളം ചെറുതും വലുതുമായ സ്ഥാപനങ്ങളാണുള്ളത്. റോഡ് നിർമാണം ആരംഭിച്ചതുമുതൽ കച്ചവടം കുറഞ്ഞ സ്ഥിതിയാണ്. പിന്നീട് റോഡുപണി പൂർത്തിയാക്കി നടപ്പാതകൾ ഇല്ലാതായതോടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലും മറ്റും വലിയ പ്രയാസമുണ്ടായിരുന്നു. എന്നാലിപ്പോൾ റോഡിനേക്കാൾ ഉയരത്തിൽ കോൺക്രീറ്റ് കട്ടകൾ കൂടി വന്നതോടെ വാഹനങ്ങൾ അരികിലേക്ക് ഒതുക്കിനിർത്താൻ കഴിയാതെയായി. ഇതോടെ കച്ചവടം വീണ്ടും കുറഞ്ഞു. റോഡിൽ വാഹനം നിർത്താതെ പല സ്ഥാപനങ്ങളിലേക്കും സാധനങ്ങൾ ഇറക്കാനോ കയറ്റാനോ കഴിയില്ല.