ചെറുതോണി : ചികിത്സയ്ക്കായി കോട്ടയത്തേക്കും കൊച്ചിയിലേക്കും നെട്ടോട്ടമോടേണ്ടിവരുന്ന ഹൈറേഞ്ചുകാർ. കെട്ടിടങ്ങളും ഉപകരണങ്ങളുമുണ്ടെങ്കിലും വിദഗ്ധ ഡോക്ടർമാരുടെയും പൂർണസജ്ജമായ ചികിത്സാസംവിധാനങ്ങളുടെയും അഭാവം. ഇടുക്കിയുടെ ആരോഗ്യരംഗത്തെ പ്രതിസന്ധികൾ വികസനത്തിന്റെ അവകാശവാദങ്ങൾക്കിടയിലും ചോദ്യചിഹ്നമായി തുടരുന്നു. കേരളം രൂപവത്കൃതമായി ഏഴുപതു വർഷവും ഇടുക്കിയെന്ന പേര് കിട്ടിയിട്ട് 54 വർഷവും പിന്നിടുമ്പോഴും ചികിത്സയ്ക്കായി കോട്ടയത്തേക്കോ, എറണാകുളത്തേക്കോ ഓടേണ്ട ഗതികേടിലാണ് ഇന്നാട്ടുകാർ.
രോഗം വന്നാൽ എവിടെ ചികിത്സതേടണം? ഹൈറേഞ്ചിലെ സാധാരണക്കാരന് ഈ ചോദ്യം കേവലം ചികിത്സാകേന്ദ്രം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചല്ല. രോഗത്തിന്റെ ഗൗരവവും സാമ്പത്തികശേഷിയും യാത്രാദൂരവും സമയവും ചേർന്നുള്ള അതിജീവനത്തിന്റെ ചോദ്യമാണത്. അടിയന്തര ചികിത്സ ആവശ്യമായ ഒരു രോഗിയെപ്പോലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കോ കൊച്ചിയിലേക്കോ കൊണ്ടുപോകേണ്ടിവരുമ്പോൾ, ഇടുക്കിയുടെ ആരോഗ്യസംവിധാനത്തിലെ പരിമിതികൾ വീണ്ടും തുറന്നുകാട്ടപ്പെടും. മലയോരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വളഞ്ഞുപുളഞ്ഞ റോഡുകളും ദീർഘമായ യാത്രാദൂരവും ഈ പ്രതിസന്ധിയുടെ ആഘാതം വർധിപ്പിക്കുന്നു. ചികിത്സ ലഭിക്കാൻ വൈകുന്ന ഓരോ നിമിഷവും രോഗിക്കും കുടുംബത്തിനും വിലപ്പെട്ടതാണ്.
ഇടുക്കി മെഡിക്കൽ കോളേജ് ഹൈറേഞ്ചിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയായിരുന്നു. സ്വന്തം ജില്ലയിൽ തന്നെ വിദഗ്ധ ചികിത്സയും ആധുനിക പരിശോധനാസൗകര്യങ്ങളും ലഭ്യമാകുമെന്ന സ്വപ്നം. എന്നാൽ, കെട്ടിടങ്ങളും യന്ത്രസാമഗ്രികളും ഒരുക്കുന്നതുകൊണ്ടുമാത്രം ഒരു മെഡിക്കൽ കോളേജ് പൂർണമായും പ്രവർത്തനസജ്ജമാകില്ല. ആവശ്യത്തിന് ഡോക്ടർമാർ, വിദഗ്ധ ചികിത്സാവിഭാഗങ്ങൾ, പരിശീലനം ലഭിച്ച ജീവനക്കാർ, പരിശോധനാസൗകര്യങ്ങൾ, രോഗികൾക്ക് സുരക്ഷിതമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുപോലെ സജ്ജമാകണം. ഈ ഘടകങ്ങളിൽ ഏതെങ്കിലും ഒന്നിന് വീഴ്ചസംഭവിച്ചാൽ അതിന്റെ പ്രത്യാഘാതം നേരിട്ട് അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരാണ്.
കെട്ടിടങ്ങളുണ്ട്; സംവിധാനങ്ങൾ ഇല്ല
ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസനത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഉദാഹരണമാണ് ഹൃദ്രോഗ ചികിത്സയ്ക്കുള്ള കാത്ത് ലാബ്. ഒക്ടോബർ 22-ലെ റിപ്പോർട്ട് പ്രകാരം, ലാബിലെ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്. എന്നാൽ വിദഗ്ധ ഡോക്ടർമാരുടെയും സാങ്കേതിക ജീവനക്കാരുടെയും നിയമനം പൂർത്തിയാകാത്തതാണ് പ്രവർത്തനം ആരംഭിക്കുന്നതിന് തടസ്സം. നാല് വിദഗ്ധഡോക്ടർമാരും സാങ്കേതിക ജീവനക്കാരുമടക്കം 15 പേരെ നിയമിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്. പത്തുകോടി രൂപ ചെലവിൽ ഒരുക്കുന്ന സംവിധാനത്തിന് ആവശ്യമായ മനുഷ്യവിഭവശേഷി ഉറപ്പാക്കാൻ കഴിയാത്തത് വികസനപ്രവർത്തനങ്ങളിലെ ആസൂത്രണക്കുറവിലേക്കാണ് വിരൽചൂണ്ടുന്നത്.
വിദഗ്ധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെ അപര്യാപ്തതയും ചികിത്സയെ ബാധിക്കുന്നുണ്ട്. ആധുനിക പരിശോധനാ ഉപകരണങ്ങൾ എത്തിച്ചാലും അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരില്ലെങ്കിൽ അവയുടെ പ്രയോജനം രോഗികൾക്ക് ലഭിക്കില്ല.
ഓക്സിജൻ പ്ലാന്റിനും വഴിമുടക്കം
ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റും പ്രവർത്തനസജ്ജമല്ല. ഏകദേശം മൂന്നരവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ പ്ലാന്റിന് ആവശ്യമായ ദ്രവ ഓക്സിജൻ എത്തിക്കുന്നതിനുള്ള റോഡ് സൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തനം ആരംഭിക്കാനായിോല്ലെന്ന് ജൂലായിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സയിൽ ഓക്സിജൻ ലഭ്യതയ്ക്ക് വലിയ പ്രാധാന്യമുള്ളപ്പോഴാണ് കോടികൾ ചെലവഴിച്ചുള്ള അടിസ്ഥാനസൗകര്യം പൂർണമായി പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യം.
രോഗികൾക്ക് ഇരിപ്പിടംപോലുമില്ല
ഒ.പി. വിഭാഗങ്ങളിലും പരിശോധനാകേന്ദ്രങ്ങളിലും രോഗികൾക്ക് കാത്തിരിക്കാനുള്ള ഇരിപ്പിടങ്ങളുടെ കുറവ്, ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ അപൂർണത, വാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളും നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദൂരപ്രദേശങ്ങളിൽനിന്ന് മണിക്കൂറുകൾ യാത്രചെയ്ത് ആശുപത്രിയിലെത്തുന്ന വയോധികരും ഗർഭിണികളും കുട്ടികളും ഗുരുതര രോഗികളുമാണ് ഇത്തരം പരിമിതികളുടെ ഭാരം കൂടുതൽ അനുഭവിക്കുന്നത്.
ചികിത്സയുടെ വെല്ലുവിളി
മലയോര മേഖലകളിലെ ചിതറിക്കിടക്കുന്ന ജനവാസകേന്ദ്രങ്ങൾ, ദുർഘടമായ റോഡുകൾ, ദീർഘമായ യാത്രാദൂരം എന്നിവ ആരോഗ്യസേവനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത സാഹചര്യം വന്നാൽ രോഗികൾ താലൂക്ക് ആശുപത്രികളിലേക്കും മെഡിക്കൽ കോളേജിലേക്കും എത്തേണ്ടിവരും. അവിടെയും ആവശ്യമായ ചികിത്സ ലഭ്യമല്ലെങ്കിൽ അടുത്ത ജില്ലകളിലെ ആശുപത്രികളിലേക്ക് യാത്ര തുടരേണ്ടിവരുന്നു.
കഞ്ഞിക്കുഴി, വണ്ടിപ്പെരിയാർ, മറയൂർ തുടങ്ങിയ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യം റിപ്പോർട്ടുചെയ്തിരുന്നു.
പ്രഖ്യാപനങ്ങൾക്കപ്പുറം വേണ്ടത് നടപടി
ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസനം യാഥാർഥ്യമാക്കാൻ ആദ്യം വേണ്ടത് നിർമാണപ്രവർത്തനങ്ങളും ചികിത്സാസേവനങ്ങളും ഏകോപിപ്പിച്ചുള്ള കൃത്യമായ പ്രവർത്തനപദ്ധതിയാണ്. കാത്ത് ലാബ്, ഓക്സിജൻ പ്ലാന്റ്, ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയുടെ പ്രവർത്തനസജ്ജത ഉറപ്പാക്കുന്നതിനൊപ്പം വിദഗ്ധ ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക ജീവനക്കാർ എന്നിവരുടെ ഒഴിവുകൾ നികത്തണം.
വൈദ്യുതി, റോഡ്, ലിഫ്റ്റ്, അഗ്നിസുരക്ഷ തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ പൂർത്തിയാക്കുകയും ഓരോ പദ്ധതിക്കും സമയപരിധി നിശ്ചയിച്ച് പുരോഗതി വിലയിരുത്തുകയും വേണം. കെട്ടിടങ്ങൾ ഉയരുന്നതിനൊപ്പം ചികിത്സയുടെ നിലവാരവും ഉയരണം.
Published: 25 Oct 2026, 02:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented