രാജാക്കാട് : ചിന്നക്കനാലിനെ വനഭൂമിയാക്കി മാറ്റാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും വന്യജീവി സംരക്ഷണത്തിന്റെ പേരിൽ മലയോരജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും മുൻ മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചും പ്രതിഷേധസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകർ ജീവനുംസ്വത്തിനും സംരക്ഷണത്തിനായി നിർമിച്ച വേലികളും മതിലുകളും പൊളിച്ചുനീക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിന്നക്കനാലിലെ കർഷകരെ മുഴുവൻ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത് കുടിയേറ്റത്തിന്റെയും ഭൂമി പതിച്ചുനൽകലിന്റെയും ചരിത്രം മനസ്സിലാക്കാതെയാണെന്നും അദ്ദേഹം ആരോപിച്ചു.
സംരക്ഷിത വനമേഖലകളോടു ചേർന്ന് ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും നിലനിൽക്കുന്ന ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കും. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ വ്യക്തത വരുത്തി ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷതവഹിച്ചു. രാരിച്ചൻ നീർനാകുന്നേൽ, റെജി കുന്നംകോട്ട്, അഡ്വ. മനോജ് എം. തോമസ്, അഡ്വ. എം.എം. മാത്യു, ബാബു കക്കുഴി, വിപിൻ സി. അഗസ്റ്റിൻ, ജിൻസൺ വർക്കി, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, റോയ്ച്ചൻ കുന്നേൽ, ടോമി പകലോമറ്റം, വർഗീസ് ആറ്റുപുറം, ജോയ് കിഴക്കേപറമ്പിൽ, ജോമോൻ പൊടിപാറ, ജോർജ് അമ്പഴം എന്നിവർ പ്രസംഗിച്ചു.
Published: 25 Oct 2026, 02:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented