ഇന്ന് കനറാബാങ്ക് വിളക്ക്

To advertise here,

ഗുരുവായൂർ : ക്ഷേത്രത്തിൽ ഏകാദശിയാഘോഷഭാഗമായുള്ള ചുറ്റുവിളക്കുകൾ തെളിഞ്ഞു. പാലക്കാട് പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലുള്ള ചുറ്റുവിളക്കാണ് വെള്ളിയാഴ്ച രാത്രി ജ്വലിച്ചത്. രാത്രി പതിനായിരത്തോളം നെയ്ത്തിരിദീപങ്ങൾ പ്രഭ ചൊരിഞ്ഞുനിൽക്കേ, ഇടയ്ക്ക-നാഗസ്വരപ്രദക്ഷിണാകമ്പടിയിലായിരുന്നു ഗുരുവായൂരപ്പൻ എഴുന്നള്ളിയത്. മമ്മിയൂർ വിഷ്ണുവും ഗുരുവായൂർ കൃഷ്ണപ്രസാദും ഇടയ്ക്കയും കെ. സുഭാഷും മാവേലിക്കര അഖിലും നാഗസ്വരവും നയിച്ചു. കൊമ്പൻ ദാമോദർദാസ് കോലമേറ്റി. വിനായകനും അനന്തനാരായണനും പറ്റാനകളായി നിന്നു.

സന്ധ്യക്ക്‌ ഭഗവതിയുടെ സന്നിധിയിൽ പനമണ്ണ ശശിയുടെ തായമ്പകയുണ്ടായി. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ, മീരാ ഹരി സംഗീതക്കച്ചേരി അവതരിപ്പിച്ചു. രാധികാ പരമേശ്വരൻ(വയലിൻ), കുഴൽമന്ദം രാമകൃഷ്ണൻ(മൃദംഗം), മുൻ മേൽശാന്തി മൂർത്തിയേടം സുധാകരൻ നമ്പൂതിരി(ഘടം) എന്നിവരായിരുന്നു പക്കമേളം. വഴിപാടു വിളക്കുകാരായ പറമ്പോട്ടു കുടുംബാംഗമാണ് മീരാ ഹരി. രണ്ടാം ദിവസമായ ശനിയാഴ്ചത്തെ ചുറ്റുവിളക്ക് കനറാ ബാങ്ക് ജീവനക്കാരുടെ വകയാണ്.

ക്ഷേത്രത്തിൽ രാവിലെ ശീവേലിക്ക്‌ ചെറുശ്ശേരി കുട്ടൻമാരാരുടെ മേളം, ഉച്ചതിരിഞ്ഞ് പറയ്ക്കാട് തങ്കപ്പൻ മാരാരുടെ പഞ്ചവാദ്യം, വൈകീട്ട് കലാനിലയം ഉദയൻ നമ്പൂതിരി, കാഞ്ഞിരങ്ങാട് അരുൺരാജ് എന്നിവരുടെ ഇരട്ടത്തായമ്പക, രാത്രി ഗുരുവായൂർ മുരളി നയിക്കുന്ന വിശേഷ ഇടയ്ക്കപ്രദക്ഷിണം എന്നിവയുണ്ടാകും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ജ്യോതിദാസ് ഗുരുവായൂരിന്റെ സോപാനസംഗീതവും രാത്രി എട്ടിന് ഗംഗാ ശശിധരന്റെ 'നാദഗംഗ' വയലിൻവിസ്മയവും ഉണ്ടാകും.