ചാലക്കുടി മാർക്കറ്റ്റോഡിൽ വൺവേ

To advertise here,

ചാലക്കുടി : ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി ചാലക്കുടി മാർക്കറ്റ്റോഡിൽ ഏർപ്പെടുത്തിയിട്ടുള്ള വൺവേ സംവിധാനത്തിനെതിരായി വാഹനങ്ങൾ കടന്നു പോകുന്നതുമൂലം പ്രദേശത്ത് വാഹനക്കുരുക്ക് രൂക്ഷമാകുന്നു.

നേരത്തേ മാർക്കറ്റ്‌റോഡ് വൺവേയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ, ഈ നിയമം വാഹനങ്ങൾ പാലിക്കാറില്ല. പുതിയ ട്രാഫിക്ക് പരിഷ്‌കാരം വന്നപ്പോൾ മാർക്കറ്റ്റോഡിൽ വൺവേസംവിധാനം വീണ്ടും ഏർപ്പെടുത്തി.

പോലീസിന്റെ സഹായത്തോടെ കർശനമായി നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും ഇത് നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല, മാർക്കറ്റ്റോഡിൽ ഗതാഗതക്കുരുക്ക് കൂടുകയും ചെയ്തു. വാഹനങ്ങൾ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും പായുന്നതാണ് പ്രശ്‌നം.

മാർക്കറ്റ്റോഡായതിനാൽ ചരക്കുകൾ കയറ്റാനും ഇറക്കാനും വലിയ ലോറികളുൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിട്ടുണ്ടാകും. ഇതിനിടയിലാണ് മറ്റു വാഹനങ്ങൾ ഇരു ഭാഗങ്ങളിലേക്കും കടന്നു പോകുന്നത്. വെട്ടുകടവ് പാലത്തിലേക്കു പോകേണ്ട വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്.

മേലൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾക്ക് വെട്ടുകടവുപാലം വഴി എത്തണം. എന്നാൽ, പലപ്പോഴും മാർക്കറ്റ്റോഡിൽ ഇവ കുടുങ്ങിക്കിടക്കുകയാണ്. അവശ്യ വസ്തുക്കളുമായി ദൂരെസ്ഥലങ്ങളിലേക്കു പോകേണ്ട വാഹനങ്ങളും കുരുക്കിൽപ്പെടുകയാണ്.