മൂന്നു മാസത്തിനകം തുറക്കുമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ.

To advertise here,

എരുമപ്പെട്ടി : എരുമപ്പെട്ടി-വേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തയ്യൂർ ആലുക്കൽ പാലത്തിന്റെ പ്രധാന സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയായി. പകലും രാത്രിയിലുമായി 24 മണിക്കൂർ തുടർച്ചയായ പരിശ്രമത്തിലാണ് കോൺക്രീറ്റിങ് പൂർത്തിയാക്കിയത്.

പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) വിഭാഗം എക്‌സി. എൻജിനീയർ സ്വപ്ന, എ.ഇ.ഇ. ബിനു, എ.ഇ. സംഗീത എന്നിവർ നേതൃത്വം നൽകി. ബാക്കിയുള്ള അനുബന്ധ ജോലികൾ പൂർത്തിയാക്കി മൂന്നു മാസത്തിനകം പാലം നാടിന് സമർപ്പിക്കാനാകുമെന്ന് എ.സി. മൊയ്തീൻ എം.എൽ.എ. അറിയിച്ചു. 28 ദിവസത്തെ ക്യൂറിങ്ങിന് ശേഷം അപ്രോച്ച് റോഡിന്റേയും കൈവരികളുടേയും നിർമാണം തുടങ്ങും.

പ്രതികൂല കാലാവസ്ഥയും ഉയരുന്ന ജലനിരപ്പും സൃഷ്ടിച്ച വെല്ലുവിളികളെ മറികടന്ന് പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകുന്ന അധികൃതരേയും സെൽമെക് എൻജിനീയറിങ്‌ കൺസ്ട്രക്ഷൻസ് കരാർ കമ്പനിയേയും തൊഴിലാളികളേയും എം.എൽ.എ. അഭിനന്ദിച്ചു.

സംസ്ഥാന ബജറ്റിൽ അനുവദിച്ച 4.48 കോടി രൂപ വിനിയോഗിച്ചുള്ള പാലം പണി 2025 ഒക്ടോബർ 27-നാണ് തുടങ്ങിയത്. 12 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളോട് കൂടിയ 36 മീറ്റർ നീളത്തിലുള്ളതാണ് പാലം. ഒരു വശത്ത് 1.5 മീറ്റർ വീതിയുള്ള നടപ്പാതയും 7.5 മീറ്റർ കാരേജ് വേയുമാണ് പണിയുന്നത്.

മഴക്കാലത്ത് ജലനിരപ്പ് ഉയരുന്ന സ്ഥലമായതിനാൽ സബ്‌മേഴ്‌സിബിൾ പാലമാണിത്. പാലത്തിന്റെ ഇരുവശങ്ങളിലും സിമന്റ് കോൺക്രീറ്റ് കൊണ്ടുള്ള സംരക്ഷണഭിത്തിയും ഇരുവശവും ടൈൽ വിരിച്ചുള്ള അപ്രോച്ച് റോഡുമാണ് പദ്ധതിയിലുള്ളത്.