കൊടകര : മതിയായ പരിചരണവും അറ്റകുറ്റപ്പണികളും ഇല്ലാതെ വല്ലപ്പാടിയിൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വയോജന പകൽപരിപാലനകേന്ദ്രത്തിന്റെ പിൻവശം കാടുപിടിച്ചു. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം ഉപയോഗപ്പെടുത്തുന്നില്ലെന്നും മുതിർന്ന പൗരന്മാർക്ക് പകലന്തിയോളം ഒത്തുചേരാനും വിശ്രമിക്കാനുമായി ഒരുക്കിയ പൊതുസംവിധാനം അധികൃതരുടെ അവഗണനയിലാണെന്നും പരാതിയുണ്ട്‌.

To advertise here,

വയോധികർക്ക് മാനസികോല്ലാസവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ട കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥയിൽ ഉപയോഗശൂന്യമായനിലയിൽ കിടക്കുന്നത്.

പൊട്ടിയ ജനൽച്ചില്ലുകൾ മാറ്റുന്നതിനോ പാഴ്‌മരങ്ങളും പുല്ലും നീക്കി പരിസരം വൃത്തിയാക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല. വൃദ്ധസദനമെന്നനിലയിലാണ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിർമിച്ച് 2015-ൽ ഉദ്ഘാടനം ചെയ്തതെങ്കിലും വയോജന പകൽപരിപാലന കേന്ദ്രമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

എന്നാൽ, വിശ്രമകേന്ദ്രത്തിനാവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ ആരും വരാൻ താത്പ‌ര്യപ്പെടുന്നില്ല.

മാസത്തിലൊരിക്കൽ വയോജനങ്ങൾ ഉൾപ്പടെയുള്ളവർക്ക് ചെക്കപ്പ് നടത്തുന്നതൊഴിച്ചാൽ കെട്ടിടം വെറുതേ കിടക്കുന്ന സാഹചര്യമാണ്. കാടുകൾ വെട്ടിത്തെളിച്ച് വയോധികർക്ക് സുരക്ഷിതമായി ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വിശ്രമാന്തരീക്ഷമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ടി.വി., റേഡിയോ, പത്രം തുടങ്ങി മാനസികോല്ലാസത്തിനായുള്ള വിനോദോപാധികളൊന്നും ഈ വിശ്രമകേന്ദ്രത്തിലില്ലെന്നും കേന്ദ്രം സജീവമാക്കാനായി തദ്ദേശസ്ഥാപനങ്ങളും അധികാരികളും നടപടികൾ സ്വീകരിക്കണമെന്നും ആംആദ്മി പാർട്ടി കൊടകര പഞ്ചായത്ത് പ്രസിഡന്റ് പുഷ്പാകരൻ തോട്ടുപുറം ആവശ്യപ്പെട്ടു.

സ്ഥിരമായി വരുന്ന വയോധികരുടെ എണ്ണം കുറവാണെങ്കിലും ദിവസവും വൈകീട്ട് ഏതാനും വയോധികർ വരുന്നുണ്ടെന്നും മാസത്തിലൊരിക്കൽ ഡോക്ടർമാരുൾപ്പെടെ വന്ന് ചെക്കപ്പ് നടത്തുന്നുണ്ടെന്നും വാർഡ് അംഗം ലിജോ കളത്തിങ്കൽ പറഞ്ഞു.