കാക്കനാട്-തേക്കടി പാതയിൽ സംരക്ഷണഭിത്തി നിർമിക്കണം

To advertise here,

കോലഞ്ചേരി : കാക്കനാട്-തേക്കടി സംസ്ഥാനപാത 41-ന്റെ ഭാഗമായ മാവിൻചുവട് മുതൽ തട്ടാംമുകൾ കുരിശുവരെ റോഡിൽ സംരക്ഷണ ഭിത്തിയോ, കൈവരിയോ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇത്രയും ഭാഗത്ത് പെരിയാർവാലി കനാൽ കടന്നുപോകുന്നുണ്ട്. ഈ ഭാഗത്ത് കനാലിന് 30 മീറ്ററോളം താഴ്ചയുമുണ്ട്. റോഡിന്റെ ഇരുവശത്തും വലിയ തോതിൽ കാടുള്ളതിനാൽ വാഹനമോടിക്കുന്നവരുടെ കാഴ്ച മറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

അടുത്ത കാലത്ത് ഈ റോഡ് ഉന്നതനിലവാരത്തിൽ ടാർ ചെയ്തു നവീകരിച്ചതോടെ വാഹനങ്ങൾ വളരെ വേഗത്തിലാണ് കടന്നുപോകുന്നത്. ആയിരത്തിൽപ്പരം വാഹനങ്ങളാണ് ഈ സംസ്ഥാനപാതയിലൂടെ ദിനംപ്രതി കടന്നു പോകുന്നതെന്നാണ് വിലയിരുത്തൽ.

കിഴക്കൻ മേഖലയിൽ നിന്നും ഭരണസിരാകേന്ദ്രമായ കാക്കനാട്ടിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള റോഡുകൂടി ആയതിനാൽ ഈ റോഡിലെ തിരക്ക് വർധിപ്പിക്കുന്നു. ഈ റോഡിൽ മാവിൻചുവട് മുതൽ തട്ടാംമുകൾ വരെ കനാൽ നിൽക്കുന്ന ഭാഗത്ത് റോഡിന് ഒരു വശത്തിന് വലിയ ആഴമാണുള്ളത്. കൈവരി ഇല്ലാത്തതും മുന്നറിയിപ്പ് ബോർഡുകളില്ലാത്തതും വഴി പരിചയക്കുറവും ഇവിടെ അപകടത്തിനു കാരണമാകുന്നു. കഴിഞ്ഞമാസം ഒരു കാർ അപകടത്തിൽപ്പെട്ടിരുന്നു. അതിനുമുന്നേ വലുതും ചെറുതുമായ പത്തിലധികം അപകടങ്ങൾ സംഭവിച്ചിരുന്നു.

വ്യാഴാഴ്ച കാക്കനാട് നിന്നും മൂവാറ്റുപുഴയ്ക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച കാർ മരത്തിന്റെ വശത്ത് തട്ടിനിന്നതുകൊണ്ടുമാത്രമാണ് കനാലിൽ പതിക്കാതിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ആളുകളെ വേഗത്തിൽ പുറത്തിറക്കി രക്ഷിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിച്ചു. കുന്നത്തുനാട് പോലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റി.

ഈ റോഡ് പുനർനിർമിച്ച കാലത്ത് പൊതുപ്രവർത്തകരും നാട്ടുകാരും ഇവിടെ സംരക്ഷണഭിത്തി നിർമിക്കുന്ന കാര്യം കിഫ്ബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവർ ചെയ്യാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും നടപ്പായില്ല.

നിരന്തരം അപകടങ്ങളുണ്ടാകുന്നതിൽ നാട്ടുകാരും യാത്രക്കാരും ആശങ്കയിലാണ്.

ഈ ഭാഗത്ത് കൈവരിയോ, സംരക്ഷണഭിത്തിയോ അടിയന്തരമായി നിർമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ വാസു മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കുന്നത്തുനാട് എം.എൽ.എ.ക്കും നിവേദനം നൽകി.