പിറവം : കാലവർഷം അൽപ്പമൊന്ന് പിൻവാങ്ങിയപ്പോൾ തന്നെ നാട് ഉണങ്ങിവരണ്ടു. കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താണു. വെള്ളം കിട്ടാതെ ചെടികൾ പോലും ഉണങ്ങിക്കരിയുകയാണ്.
മുണ്ടകൻ കൃഷിക്ക് നിലമൊരുക്കാൻ കാലമായിട്ടുകൂടി ജലസേചന പദ്ധതികളിൽ പമ്പിങ് തുടങ്ങിയിട്ടുമില്ല. പല പമ്പിങ് സ്റ്റേഷനുകളിലും വെള്ളപ്പൊക്കത്തിന് മുന്നോടിയായി എടുത്തുമാറ്റിയ മോട്ടോറുകൾ പുനഃസ്ഥാപിച്ചിട്ടുപോലുമില്ല.
ഇനി പമ്പിങ് തുടങ്ങിയാൽതന്നെ വെള്ളമൊഴുകി എത്താനാകാത്ത വിധം കനാലുകൾ മണ്ണും കല്ലും നിറഞ്ഞ് പുല്ലുപിടിച്ച് കാടുമൂടിയ നിലയിലുമാണ്. ജലസേചന പദ്ധതികളിൽ പമ്പിങ് ഉണ്ടായിരുന്നെങ്കിൽ വരൾച്ചയ്ക്ക് തെല്ല് ആശ്വാസം ലഭിക്കുമായിരുന്നുവെന്ന് കർഷകർ പരാതിപ്പെട്ടു.
പക്ഷേ കനാലുകൾ നന്നാക്കാത്തതിനാൽ പമ്പിങ് എന്ന് തുടങ്ങുമെന്നുതന്നെ നിശ്ചയമില്ലെന്നും കർഷകർ പരാതിപ്പെട്ടു. മുൻകാലങ്ങളിൽ കനാൽ നന്നാക്കിയിരുന്നത് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാണ്. പദ്ധതിയിലെ തൊഴിലാളികൾ കൂട്ടമായി ദിവസങ്ങളോളം പണിതാണ് കനാലുകൾ നന്നാക്കിയിരുന്നത്. പുതുക്കിയ തൊഴിലുറപ്പ് പദ്ധതിയിൽ കനാലുകൾ നന്നാക്കാൻ അനുമതിയില്ലെന്നാണ് പരാതി. പിറവം മേഖലയിൽ രാമമംഗലം, പാമ്പാക്കുട, മണീട്, പിറവം പ്രദേശങ്ങളെല്ലാം വരൾച്ചയുടെ പിടിയിലാണ്. പത്ത് പാടശേഖരങ്ങളുള്ള രാമമംഗലം ഗ്രാമപ്പഞ്ചായത്തിൽ മുണ്ടകൻ കൃഷിക്ക് നിലമൊരുക്കാൻ സമയമായി. പക്ഷേ ജലസേചന കനാലുകൾ നന്നാക്കാത്തത് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.
കനാലുകൾ നന്നാക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും അതിനാൽ അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും പ്രസിഡന്റ് ജെസി രാജു പറഞ്ഞു. പാടശേഖര സമിതികളും കനാൽ കടന്നുപോകുന്ന ഭാഗങ്ങളിലെ വീട്ടുകാരും ചേർന്ന് കനാലുകൾ നന്നാക്കേണ്ടിവരുമെന്നാണ് സൂചന. നെൽകൃഷി ആദായകരമല്ലാതാകുന്ന സാഹചര്യത്തിൽ മൂന്നും നാലും കിലോമീറ്റർ നീളത്തിലുള്ള കനാലുകൾ കർഷകർ തന്നെ നന്നാക്കണമെന്നുവന്നാൽ നിലവിലുള്ള കൃഷികൂടി ഇല്ലാതാകുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.
സ്ഥിതിഗതികൾ ഗുരുതരമായ സാഹചര്യത്തിൽ തിങ്കളാഴ്ച പത്ത് പാടശേഖര സമിതികളുടെയും സംയുക്ത യോഗം വിളിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. രാമമംഗലത്തെ കടവ് മെതിപാറയടക്കമുള്ള ജലസേചന പദ്ധതികളിൽ ഉടൻ പമ്പിങ് ആരംഭിക്കാൻ ബന്ധപ്പെട്ട അസി. എൻജിനിയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
Published: 12 Sept 2026, 03:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented