പഴുവിൽ: കുടിവെള്ളമെത്തിക്കാൻ റോഡുകൾ വെട്ടിപ്പൊളിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. പക്ഷേ, വെള്ളമെത്തിയില്ല; റോഡും പഴയപടിയായില്ല. വിവിധ കുടിവെള്ളപദ്ധതികൾക്കായി പൈപ്പിടലിൽ ചാഴൂർ, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ റോഡുകൾ തകർന്നതോടെ യാത്രയും ദൈനംദിനജീവിതവും വിഷമത്തിലാണ്. ഏകോപനമില്ലായ്മയും നിർമാണത്തിലെ മെല്ലെപ്പോക്കും മൂലം നാട്ടുകാർ ക്ഷമയുടെ നെല്ലിപ്പലക കണ്ട അവസ്ഥയിലാണ്.

To advertise here,

നാടൊട്ടാകെ വെട്ടിപ്പൊളിച്ചിട്ടു

ചിറയ്ക്കൽ കോലോത്തുംകടവിലെ ജലസംഭരണിയിൽനിന്ന് വിവിധ കുടിവെള്ളപദ്ധതികൾക്കായി വെള്ളമെത്തിക്കുന്നതിനാണ് ഗ്രാമീണ റോഡുകളും പൊതുമരാമത്തുപാതകളും വെട്ടിപ്പൊളിച്ചത്. ആറു വർഷത്തിലേറെയായി തുടരുന്ന പൈപ്പിടലിനിടെ പൂർവസ്ഥിതിയിലാക്കിയ റോഡുകൾ വീണ്ടും പലതവണ കുഴിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള ചേർപ്പ്-തൃപ്രയാർ സംസ്ഥാനപാതയുടെ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ യാത്ര അപകടക്കെണിയായി മാറി.

ഇഴഞ്ഞുനീങ്ങി കിഫ്ബി പദ്ധതി

2018 നവംബറിൽ ഗീതാ ഗോപി എം.എൽ.എ.യുടെ കാലത്ത് ഭരണാനുമതി ലഭിച്ച കിഫ്ബി ശുദ്ധജലവിതരണപദ്ധതിയാണ് വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്. പദ്ധതി കമ്മിഷൻ ചെയ്യേണ്ട കാലാവധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായിട്ടില്ല. ഇതോടെ പദ്ധതിയുടെ ഗുണഭോക്താക്കളാകേണ്ട ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി കാത്തിരിക്കുകയാണ്.

സാങ്കേതികവിദ്യ അവഗണിച്ചു

റോഡുകൾക്ക് കാര്യമായ കേടുപാടുകൾ വരുത്താതെ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയുന്ന മൈക്രോടണലിങ് പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമായിരുന്നിട്ടും പരമ്പരാഗതരീതിയിൽ റോഡുകൾ കുഴിച്ചാണ് പൈപ്പിട്ടതെന്ന ആക്ഷേപമുണ്ട്.

റെഗുലേറ്റർനിർമാണം അനിശ്ചിതത്വത്തിൽ

പദ്ധതിയുടെ ഭാഗമായ കോലോത്തുംകടവ് ജലസംഭരണിയുടെയും മുനയം റെഗുലേറ്ററിന്റെയും നിർമാണവും പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകുന്നില്ല. നിർമാണോദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പണി ലക്ഷ്യത്തിലെത്തിയിട്ടില്ല. റെഗുലേറ്റർനിർമാണം വേഗത്തിലാക്കിയാൽ മാത്രമേ പദ്ധതിയുടെ പൂർണ പ്രയോജനം ജനങ്ങൾക്ക് ലഭിക്കൂ.