കോടശ്ശേരി : മലയോരഹൈവേനിർമാണത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ ഇടിഞ്ഞുവീണതിനെത്തുടർന്ന് ചായ്പൻകുഴി ഗവ. യു.പി. സ്കൂളിൽ നിർത്തിവെച്ച പഠനം വ്യാഴാഴ്ച പുനരാരംഭിച്ചു. പ്രീപ്രൈമറി ഒഴിവാക്കി ഒന്നു മുതൽ ഏഴു വരെ ക്ലാസുകാർക്കാണ് താത്‌കാലികസൗകര്യങ്ങൾ ഒരുക്കി പഠിപ്പിക്കൽ പുനരാരംഭിച്ചത്.

To advertise here,

പഞ്ചായത്തധികൃതരും തൃശ്ശൂർ എൻജിനീയറിങ് കോളേജ് വിഭാഗവുമെത്തി ഏതാനും മുറികൾ ഒഴിവാക്കി മറ്റ് മുറികൾക്ക് ഫിറ്റ്‌നസ് നൽകിയാണ് ക്ലാസ് നടത്താൻ അനുമതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിനരികിൽ മലയോരഹൈവേ കരാർക്കമ്പനി മണ്ണു നീക്കുന്നതിനിടെ ക്ലാസ്‌മുറികൾ തകർന്നത്. തകർന്നുവീണതും അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടഭാഗങ്ങളും പൊളിച്ചുനീക്കാനായി പഞ്ചായത്തിൽ യോഗം ചേർന്ന് ചൊവ്വാഴ്ചവരെ സ്‌കൂളിന് അവധി നൽകി. ഞായറാഴ്ച ഒരു ക്ലാസ്‌മുറിയുടെ അവശിഷ്ടങ്ങൾ പൊളിച്ചുനീക്കിയെങ്കിലും കെട്ടിടത്തിന്റെ മുകളിൽ മേഞ്ഞിരുന്ന ട്രെസ്‌വവർക്ക് പൊളിച്ചുമാറ്റാത്തതിനാൽ അപകടാവസ്ഥയിലുള്ള രണ്ടാമത്തെ ക്ലാസ് മുറി പൊളിച്ചുനീക്കിയിട്ടില്ല. പൊളിച്ചുനീക്കൽ പൂർത്തിയാകാതിരുന്നതിനാൽ ചൊവ്വാഴ്ച യോഗം ചേർന്ന് ബുധനാഴ്ചയും അവധി നൽകി. കൂടുതൽ അവധി നൽകാനാകാത്തതിനാൽ ബുധനാഴ്ച വൈകീട്ട് ചേർന്ന യോഗത്തിൽ വ്യാഴാഴ്ച മുതൽ ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു.

ട്രെസ്‌ മേഞ്ഞ ഷീറ്റുകൾ മാറ്റിയശേഷമേ രണ്ടാമത്തെ മുറി പൊളിച്ചുനീക്കാനാകു. ശനി, ഞായർ ദിവസങ്ങളിൽ അപകടാവസ്ഥയിലുള്ള മുറി പൊളിച്ചുനീക്കാനാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് തിങ്കളാഴ്ച വീണ്ടും ബലപരിശോധന നടത്തി ഇപ്പോൾ ഒഴിച്ചിട്ടിരിക്കുന്ന മുറികൾ ഉപയോഗയോഗ്യമാണോയെന്ന് തീരുമാനമെടുക്കും. ജോലി നടക്കുന്ന ഭാഗത്തേക്ക് കുട്ടികൾ പ്രവേശിക്കാത്തവിധം വീപ്പകൾ നിരത്തിവെച്ച് തടഞ്ഞിട്ടുണ്ട്. സ്‌കൂളിനു താഴെ റോഡിൽക്കിടക്കുന്ന അവശിഷ്ടങ്ങൾ ഇനിയും മാറ്റിയിട്ടില്ല.

കെട്ടിടഭാഗം തകർന്നുവീണ് ഒരാഴ്ചയായിട്ടും പൊളിച്ചുനീക്കൽപോലും പൂർത്തിയാക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നും എത്രയും വേഗം ക്ലാസുകൾ പൂർണതോതിൽ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.