തൃശ്ശൂർ : സർവീസ് കുറഞ്ഞതോടെ കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി. ഡബിൾഡെക്കർ ബസ് കോഴിക്കോട്ടക്കു മാറ്റി. വിനോദസഞ്ചാരം ലക്ഷ്യമിട്ടാണ് രണ്ടു കോടി രൂപയുടെ ബസ് തൃശ്ശൂരിൽ കൊണ്ടുവന്നത്. രണ്ടു മാസത്തോളം പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കും തൃശ്ശൂർ റൗണ്ട് ചുറ്റി ശോഭാ സിറ്റിയിലേക്കും സഞ്ചാരികളുമായി ഓടിയെങ്കിലും പിന്നീട് പല കാരണങ്ങളാൽ ഇത് നഷ്ടത്തിലാകുകയായിരുന്നു. അവധിക്കാലം കഴിഞ്ഞതോടെ ആളില്ലാതെ സർവീസ് അവസാനിപ്പിക്കേണ്ടിയുംവന്നു. തുടർന്ന് ഏറെനാൾ തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ പെട്രോൾപമ്പിൽ വെറുതേ കിടക്കുകയായിരുന്ന ബസ്.

To advertise here,

ഓഗസ്റ്റ് 22-നാണ് ബസ് കോഴിക്കോട്ടേക്കു കൊണ്ടുപോയത്. കോഴിക്കോട്ട് സർവീസ് നടത്തിയിരുന്ന ഡബിൾഡെക്കർ ബസിനു പകരമാണിത്. ബസ് എത്തിയ ദിവസം മുതൽ അവിടെ സർവീസ് നടത്തുന്നുണ്ട്. വണ്ടി പ്രവർത്തനക്ഷമമാണെന്ന് കോഴിക്കോട് ജില്ലാ ട്രാൻസ്‌പോർട്ട് അധികൃതർ പറയുന്നു.

മുകൾഭാഗം തുറന്ന 64 സീറ്റുള്ള ബസ് മാർച്ചിൽ സർവീസ് തുടങ്ങുമ്പോൾ മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്ന് ലഭിച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിൽ 40,000 രൂപ വരെ ദിവസവരുമാനവും തൃശ്ശൂർ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചു. ജില്ലാ ട്രാൻസ്‌പോർട്ട് അധികൃതർ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ആസ്ഥാനത്ത് പരാതി അറിയിച്ചതിനെത്തുടർന്നാണ് ബസ് കോഴിക്കോട്ടേക്കു മാറ്റാൻ തീരുമാനമായത്. തിരുവനന്തപുരം, കോഴിക്കോട് പോലെ ടൂറിസംസാധ്യതകൾ ഏറെയുള്ള നഗരങ്ങളിൽ മികച്ച നിലയിലാണ് സമാന സർവീസുകൾ നടക്കുന്നത്.

ചുവപ്പ് പോയപ്പോൾ പച്ച വന്നു

: കോഴിക്കോട്ടേക്കു പോയ ചുവന്ന ഡബിൾഡെക്കർ കിടന്നിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് പച്ച ബസാണ്. കോഴിക്കോട്ട് സർവീസ് നടത്തിയിരുന്ന പച്ച ഡബിൾഡെക്കറാണ് തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ പമ്പിൽ ചുവന്ന ബസ് കിടന്ന അതേ സ്ഥലത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്.

ബാറ്ററിത്തകരാറുൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്തേക്കു കൊണ്ടുപോകുന്ന ബസാണ് ഇപ്പോൾ തൃശ്ശൂർ ബസ്‌സ്റ്റാൻഡിൽ കിടക്കുന്നത്. ‍‍ജില്ലയിലെ ‍‍‍ജീവനക്കാരാണ് ഇതിവിടെനിന്ന് കൊണ്ടുപോകേണ്ടത്. ചില സാങ്കേതികകാരണങ്ങളാലാണ് ബസ് ഇവിടെയിട്ടിരിക്കുന്നതെന്നും എത്രയുംവേഗം തിരുവനന്തപുരത്തേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.