കടങ്ങോട് : കടങ്ങോട് ഗവ. എൽ.പി. സ്കൂളിൽ ഒരു കോടി രൂപ വിനിയോഗിച്ച് പണിയുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയെ മറികടന്നാണ് കെട്ടിടത്തിന് ശിലയിട്ടത്. പൊതുമരാമത്തുമുഖേന പണിയുന്ന കെട്ടിടത്തിന് പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയോ സ്ഥലം വിട്ടുനൽകാനുള്ള തീരുമാനമോ എടുത്തിട്ടില്ല. പി.ടി.എ.യുടെ പേരിൽ നോട്ടീസിറക്കി പ്രസിഡന്റ് ഏകപക്ഷീയമായാണ് പരിപാടി നടത്തിയതെന്നാണ് ആക്ഷേപം.
തറക്കല്ലിടൽ പരിപാടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ഡി.പി., ഡി.ഇ.ഒ. എന്നിവർക്ക് പരാതി നൽകുമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.എൻ. വിഷയകുമാർ പറഞ്ഞു.
പഞ്ചായത്തിനുമുൻപിൽ നടത്തിയ ധർണയിൽ പഞ്ചായത്തംഗങ്ങളായ പി.യു. പ്രകാശൻ, പി.എ. അശോകൻ, സി.പി. തോമസ്, ആമിനാ സുലൈമാൻ, ബാഹ്യാദ്രി രജീഷ്, കുമാരി മുരളി എന്നിവർ പങ്കെടുത്തു.
എന്നാൽ, സ്കൂളിൽ പുതിയ കെട്ടിടം പണിയാൻ ശോച്യാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. നൗഷാദ് പറഞ്ഞു. തുടർന്ന് എല്ലാവരെയും അറിയിച്ചിട്ടാണ് പഞ്ചായത്ത് കമ്മിറ്റി പുതിയ കെട്ടിടത്തിന്റെ നിർമാണോദ്‌ഘാടനം തീരുമാനിച്ചു നടത്തിയത്.
ചില അംഗങ്ങൾ നിർമാണോദ്ഘാടനം അറിഞ്ഞില്ല എന്നു പറയുന്നത് അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നും കെ.എം. നൗഷാദ് പറഞ്ഞു.
Published: 11 Sept 2026, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented