എം.ഇ.എസ്. അസ്മാബി കോളേജിലെ ബിരുദദാനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു

To advertise here,

കൊടുങ്ങല്ലൂർ : മാറുന്ന ലോകത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം മാറാനും പുതിയ അറിവുകൾ സ്വാംശീകരിക്കാനുമുള്ള കഴിവ് വിദ്യാർഥികൾ ആർജിക്കണമെന്ന് മന്ത്രി റോജി എം. ജോൺ.

സുരക്ഷിതവും സമാധാനപരവുമായ തൊഴിൽ സാഹചര്യങ്ങൾ കുറഞ്ഞുവരുന്ന പുതിയ ലോകക്രമത്തിൽ വിജയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് എം.ഇ.എസ്. പ്രസ്ഥാനം നൽകിവരുന്ന നിസ്തുലമായ സംഭാവനകൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജിൽ 2025-26 അധ്യയന വർഷത്തിൽ ഗവേഷണം, ബിരുദാനന്തര ബിരുദം, ബിരുദം എന്നീ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ വിഭാഗങ്ങളിലായി 412 വിദ്യാർഥികൾ ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

മാനേജിങ് കമ്മിറ്റി സെക്രട്ടറി ആൻഡ് കറസ്‌പോണ്ടന്റ് വി.എം. ഷൈൻ അധ്യക്ഷനായി. നവാസ് കാട്ടകത്ത്, പി.എസ്. മുജീബ് റഹ്‌മാൻ, പ്രിൻസിപ്പൽ ഡോ. സമീന കളത്തൊടി, വൈ. പ്രിൻസിപ്പൽ ഡോ. സനന്ദ് സദാനന്ദ് എന്നിവർ പ്രസംഗിച്ചു.