തൃശ്ശൂർ : നാട്ടികയിൽ ദേശീയപാത 66-ലെ നിർമാണം നടക്കുന്ന ടോൾബൂത്തിനരികിലൂടെ ആൻസി സോജന്റെ വീട്ടിലേയ്ക്കടുക്കുമ്പോൾ അദ്‌ഭുതപ്പെട്ടുപോയി, നാട് ഏറെ വികസിച്ചിരിക്കുന്നു, ഒപ്പം നാട്ടുകാരിയും ഉയരങ്ങളിലേക്കെത്തിയിരിക്കുന്നു. നാട്ടികയിലെ മണപ്പുറത്ത് കണ്ണൻ മാഷുടെ നിർദേശങ്ങൾക്കനുസരിച്ച് ഓടിത്തുടങ്ങിയതാണ് ആൻസി സോജനെന്ന പെൺകുട്ടി.
ശനിയാഴ്ച ജപ്പാനിലെ മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനായി ആൻസി ഇറങ്ങുകയാണ്. ഒപ്പം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടികയെന്ന നാടും എടപ്പിള്ളി വീടും. 2022 ഏഷ്യൻ ഗെയിംസിൽ ലോങ്ജമ്പിൽ ആൻസി വെള്ളിമെഡൽ നേടിയിരുന്നു.
മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ശനിയാഴ്ച രാവിലെ 8.50-നാണ് യോഗ്യതാ മത്സരം ആരംഭിക്കുന്നത്. ഞായറാഴ്ചയാണ് ഫൈനൽ. വ്യാഴാഴ്ച വൈകീട്ട് ആൻസി വിളിച്ചിരുന്നു. ഇത്തവണ നല്ല ആത്മവിശ്വാസമുണ്ട്, മികച്ച ഫോമിലുമാണ്.
ഞങ്ങൾ പ്രതീക്ഷയിലാണ് - നിരത്തിതൂക്കിയിരിക്കുന്ന മെഡലുകൾക്കും പുരസ്‌കാരങ്ങൾക്കും മുൻപിലിരുന്ന് അച്ഛൻ സോജൻ മനസ്സ് തുറന്നു.
‘ഇന്ന് രാവിലെ മെസേജ് അയച്ചിരുന്നു. അടുത്ത മൂന്ന് ദിവസം അവിടെ മഴ പെയ്യുമെന്ന് പ്രവചിച്ചിട്ടുണ്ട്. അതിൽ അല്പം ആശങ്കയുണ്ട്. സാമൂഹികമാധ്യമങ്ങളിൽ നിന്നടക്കം പരമാവധി ഒഴിഞ്ഞുനിൽക്കാനാണ് പരിശീലകരുടേയും മറ്റും നിർദേശം. അമിത കോൺഫിഡൻസ് വേണ്ട, ആശങ്കയും വേണ്ട.
അതിനുവേണ്ടിയാണീ നിർദേശം’ - ചെറുപ്പത്തിൽ തനിക്ക് നേടാനാവാത്ത സ്വപ്നങ്ങളിലേക്ക് തന്റെ രണ്ട് പെൺമക്കളേയും എത്തിക്കാനായ സോജന്റെ വാക്കുകളിൽ ജീവിതത്തെ യാഥാർഥ്യ ബോധത്തോടെ കാണാനാകുന്നതിന്റെ കരുത്ത്.
2026 ആൻസിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷമാണ്. ഭുവനേശ്വറിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടി, അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള റെക്കോഡ് ഭേദിച്ചതടക്കം വലിയ കായിക നേട്ടങ്ങൾ സ്വന്തമാക്കി. ശരീരഭാരം കുറച്ച് കരിയറിലെ മികച്ച ഫിറ്റ്നസിലാണ് താരം.
ജപ്പാനിൽ യോഗ്യതാ റൗണ്ടിൽ 18 താരങ്ങളാണുള്ളത്. ഇതിൽ 12 പേരെ ഞായറാഴ്ചത്തെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും. നിലവിൽ ആൻസിയുൾപ്പെടെ നാലുപേർക്കാണ് മെഡൽ സാധ്യത പ്രവചിക്കുന്നത്. മികച്ച ദൂരം ആൻസിയുടേതാണ്. ഉത്തർപ്രദേശിൽനിന്നുള്ള ശൈലി സിങ്ങും രണ്ട് ചൈനീസ് താരങ്ങളുമാണ് മറ്റ് മൂന്നുപേർ.
ഓട്ടോ ഡ്രൈവറായ സോജന്റെയും കൺസ്യൂമർ ഫെഡ് ജീവനക്കാരി ജാൻസിയുടേയും മൂത്ത മകളായ ആൻസി ഇന്ത്യൻ നേവിയിൽ ചീഫ് പെറ്റി ഓഫീസറാണ്. ഡൊമിനിക്, കായികതാരമായ അഞ്ജലി എന്നിവർ സഹോദരങ്ങളാണ്.
Published: 26 Sept 2026, 03:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented