പള്ളുരുത്തിയുടെ സാംസ്‌കാരിക കേന്ദ്രം കാടുകയറി നശിക്കുന്നു
പള്ളുരുത്തി : പള്ളുരുത്തിയുടെ സാംസ്‌കാരിക ഇടമായ ഇ.കെ. സ്‌ക്വയറിന്റെ നവീകരണ ജോലികൾ താളംതെറ്റിയതിനെ തുടർന്ന് ആ പ്രദേശമാകെ കാടുകയറി നശിക്കുന്നു. പള്ളുരുത്തിയിലെ സാംസ്‌കാരിക പ്രവർത്തനമാകെ അവതാളത്തിലാകുകയാണ്. ആകെയുണ്ടായിരുന്ന പൊതു ഇടം ഇരുട്ടുകയറിയ നിലയിലാണ്.
സാംസ്‌കാരിക കേന്ദ്രം കൂടുതൽ സൗകര്യത്തോടെ മനോഹരമായി പുനർ നിർമിക്കുന്ന പദ്ധതി ആരംഭിച്ചത് കഴിഞ്ഞ കോർപ്പറേഷൻ കൗൺസിലിന്റെ കാലത്താണ്. ഇതിനായി കൊച്ചി കപ്പൽശാല സി.എസ്.ആർ. ഫണ്ട് അനുവദിച്ചിരുന്നു. ഇതുകൂടാതെ കോർപ്പറേഷന്റെ തനത് ഫണ്ട് കൂടി വിനിയോഗിക്കാനും തീരുമാനമുണ്ടായിരുന്നു.
ജോലികൾ കരാർ നൽകുകയും കരാറുകാർ ജോലികൾ തുടങ്ങുകയും ചെയ്തു. നിലവിലുണ്ടായിരുന്ന സ്റ്റേജും മറ്റും പൊളിച്ച് നീക്കി. പിന്നെയൊന്നും നടന്നില്ല. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ് വന്നു. കോർപ്പറേഷനിൽ ഭരണം മാറി.
ഇതിനിടെ കരാറുകാർ ചില തർക്കങ്ങളുന്നയിച്ചു. ജോലികൾ ഏതാണ്ട് നിർത്തിവെച്ച നിലയിലാണ്. മാസങ്ങൾ കഴിഞ്ഞതോടെ പ്രദേശമാകെ കാട് കയറുകയായിരുന്നു. കെട്ടിട അവശിഷ്ടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
ജോലികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് നടപടിയുണ്ടാകുന്നില്ല. പള്ളുരുത്തിയിലെ സാംസ്‌കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളെല്ലാം ജോലികൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കോർപ്പറേഷന് അനക്കമില്ല.
തർക്കവുമായി റവന്യൂ വകുപ്പ്
ഇതിനിടെ, അനുമതിയില്ലാതെ റവന്യൂ ഭൂമിയിൽ, കോർപ്പറേഷൻ നവീകരണ ജോലികൾ നടത്തുന്നതിനെതിരേ റവന്യൂ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന സൗകര്യം നഷ്ടപ്പെടുത്തി, നവീകരണം പൂർത്തിയാക്കാതെ വന്നതോടെയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടത്. നിയമപ്രകാരം ഇത് റവന്യൂ വകുപ്പിന്റെ ഭൂമിയായതിനാൽ, അവരുടെ അനുവാദമില്ലാതെ നിർമാണം നടത്താനാവില്ലെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. കോർപ്പറേഷന് നോട്ടീസ് നൽകുമെന്ന് അവർ പറയുന്നു. അതേസമയം നവീകരണ ജോലികൾ ആരംഭിക്കുന്നതിന് മുൻപ് അന്നത്തെ ജില്ലാ കളക്ടർ രേഖാമൂലം അനുമതി നൽകിയിരുന്നതായി കോർപ്പറേഷൻ അധികൃതർ പറയുന്നു.
പള്ളുരുത്തിയിൽ പൊതു ഇടം വേണം
ഇ.കെ. സ്‌ക്വയർ നശിച്ചതോടെ, പള്ളുരുത്തിയിൽ പൊതു ഇടമില്ലാതായിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് വോയ്‌സ് ഓഫ് പള്ളുരുത്തി മേയർക്കും മുഹമ്മദ് ഷിയാസ് എം.എൽ.എ.യ്ക്കും നിവേദനം നൽകി.
അവിടെ കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ അടിയന്തരമായി നീക്കണം.
നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്നും വോയ്‌സ് ഓഫ് പള്ളുരുത്തി ഭാരവാഹികളായ എ.ജെ. ജെയിംസ്, സന്തോഷ് ആലുംപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.
ഇ.കെ. സ്‌ക്വയറിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ സമരം തുടങ്ങുമെന്ന് വൈ.സി.സി. ട്രസ്റ്റ് ഡയറക്ടർ പി.എസ്. വിപിൻ പറഞ്ഞു. വിവിധ സംഘടനകൾ സമര പരിപാടിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജോലികൾ പുനരാരംഭിക്കാൻ നടപടി വേണം
ഇ.കെ. സ്‌ക്വയർ നവീകരണത്തിനായി കഴിഞ്ഞ കൗൺസിൽ പണം അനുവദിച്ചതാണെന്നും ജോലികൾ തുടരാൻ തടസ്സമുണ്ടെങ്കിൽ മേയർ ഉൾപ്പെടെയുള്ളവർ കരാറുകാരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് വി.എ. ശ്രീജിത്ത് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ചർച്ചകൾ നടത്തി പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂവെന്നും അതിനുപോലും ഭരണക്കാർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Published: 26 Sept 2026, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented