എടക്കുളം : പഞ്ചായത്തിലെ കർഷകരുത്‌പാദിപ്പിക്കുന്ന പച്ചക്കറികൾ വിൽക്കാൻ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമീണച്ചന്ത കാടുകയറുന്നു. പൂമംഗലം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ എടക്കുളം നെറ്റിയാട് സെന്ററിന് തെക്കുമാറി സ്ഥാപിച്ചിരിക്കുന്ന ചന്തയാണ് വർഷങ്ങളായി ഉപയോഗിക്കാതായതോടെ നശിക്കാൻ തുടങ്ങിയിരിക്കുന്നത്.

To advertise here,

വർഷങ്ങൾക്ക് മുമ്പാണ് കർഷകരുടെ ഉത്‌പന്നങ്ങൾ നേരിട്ട് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കൃഷിഭവന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ചന്ത തുടങ്ങിയത്. ഇരുമ്പ്‌ ഷീറ്റുപയോഗിച്ച് കട പോലെ നിർമിച്ച് അതിലായിരുന്നു വിൽപ്പന. കർഷകരിൽനിന്ന്‌ നേരിട്ട് പച്ചക്കറികൾ സംഭരിച്ച് വിൽപ്പന നടത്താൻ കൃഷിഭവൻ ഒരാളെ നിയോഗിക്കുകയും ചെയ്തിരുന്നു.

എന്നാൽ മൂന്നു വർഷത്തിലേറെയായി ഗ്രാമീണ നാട്ടുചന്ത ആഴ്ചയിലെ പ്രവർത്തനം അവസാനിപ്പിക്കുകയും ഓണം പോലുള്ള ആഘോഷങ്ങൾക്ക് മാത്രമായി ഒതുങ്ങുകയും ചെയ്തു. കഴിഞ്ഞ മൂന്നു വർഷമായി അതും ഇല്ലാതായി. ഓണക്കാലത്ത് കൃഷിഭവനിൽ തന്നെയാണ് ചന്ത പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ വെള്ളിയാഴ്ചയും വിൽപ്പനയ്ക്കാവശ്യമായ പച്ചക്കറികൾ കിട്ടാത്തതിനാലാണ് ചന്ത നിർത്തേണ്ടിവന്നതെന്ന് കൃഷിഭവൻ അറിയിച്ചു.

കർഷകരിൽനിന്നും ഉത്‌പന്നങ്ങൾ ശേഖരിച്ച് ചന്തയിലെത്തിച്ച് വിൽപ്പനയ്ക്കായി ഒരാളെ നിയോഗിച്ചിരുന്നെങ്കിലും വളരെ കുറച്ച്‌ ഉത്പന്നങ്ങളാണ് ലഭിച്ചിരുന്നത്. അതുകൊണ്ട് സാമ്പത്തികമായി യാതൊരുഗുണവും ലഭിച്ചിരുന്നില്ല. ചന്ത വിപുലപ്പെടുത്തി നോക്കിയിട്ടും ഫലപ്രദമായില്ല.

പഞ്ചായത്തിലെ കർഷകർ ഓണം, വിഷു അങ്ങനെ ആഘോഷങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഓണക്കാലത്താണ് ഏറ്റവും കൂടുതൽ സാധനങ്ങൾ എത്തുന്നത്. അത് സംഭരിക്കാനോ, പച്ചക്കറികൾ കേടുകൂടാതെ വിരിച്ചിട്ട് സൂക്ഷിക്കാനോ ഉള്ള സൗകര്യം ആ ചെറിയ സ്ഥലത്തില്ല. മാത്രമല്ല, മഴ പെയ്താൽ തറയില്ലാത്തതിനാൽ ഒഴുകിയെത്തുന്ന വെള്ളം ചന്തയുടെ ഉള്ളിലേക്ക് കയറുന്ന സ്ഥിതിയാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടുവർഷമായി കൃഷിഭവനിൽ തന്നെ ഓണച്ചന്ത ഒരുക്കുന്നതെന്നും കൃഷിഭവൻ വ്യക്തമാക്കി.

കാർഷികോത്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനായി വെള്ളിയാഴ്ചകളിൽ ഗ്രാമീണച്ചന്ത തുറന്നുപ്രവർത്തിപ്പിക്കണമെന്ന് കൃഷിഭവനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.