20വർഷമായി കുഴി നിറഞ്ഞ് പാരീസ് റോഡ്
കണ്ടാണശ്ശേരി: ലോകത്തിലെ അതിസുന്ദരമായൊരു പട്ടണത്തിന്റെ പേരാണ് ‘പാരീസ്’. കണ്ടാണശ്ശേരി പഞ്ചായത്തിലുണ്ട് ആ പേരിലൊരു റോഡ്. അതാണെങ്കിൽ ഏറ്റവും മോശപ്പെട്ട പേര് സമ്മാനിച്ച റോഡും. പാരീസ് റോഡെന്നുകേട്ടാൽ വാഹനങ്ങൾ ഓടിയൊളിക്കുന്ന അവസ്ഥയാണ്. 20 വർഷത്തോളമായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ്. ഇതിനിടയിൽ എത്ര തിരഞ്ഞടുപ്പുകൾ കഴിഞ്ഞു... എത്ര ജനപ്രതിനിധികൾ വന്നുപോയി... അവർക്കൊക്കെ പാരീസ് റോഡ് അലർജിയാണ്.
ചൊവ്വല്ലൂർ ശിവക്ഷേത്രം, ഒരു പാട് മേളക്കാരുള്ള ചൊവ്വല്ലൂർ ഗ്രാമം, ചൊവ്വല്ലൂർ ജുമാമസ്ജിദ്, ഇരിങ്ങപ്പുറം എസ്.എൻ.യു.പി. സ്‌കൂൾ, അപ്പുണ്ണി മെമ്മോറിയൽ സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് ആശ്രയിക്കേണ്ട റോഡ്. മണ്ഡലമാസമായാൽ ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർ വിരിവെക്കാനും വിശ്രമിക്കാനുമായി ചൊവ്വല്ലൂർ ക്ഷേത്രത്തിലുമെത്താറുണ്ട്.
സർവീസ് നിർത്തിയത് ആറു ബസുകൾ
: കുന്നംകുളത്തുനിന്ന് ചെമ്മണ്ണൂർ വഴി ഗുരുവായൂരിലേക്കുള്ള റോഡാണിത്. 15 സ്വകാര്യബസുകൾ വരെ സർവീസ് നടത്തിയിരുന്നു. റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമില്ലാത്തതിനാൽ ബസുകൾ കുറഞ്ഞുവന്നു. അഞ്ചുവർഷത്തിനുള്ളിൽ ആറ് ബസുകൾ സർവീസ് നിർത്തിവെച്ചു. ഇപ്പോൾ പേരിന് ഒന്നോ രണ്ടോ ബസുകൾ ഓടുന്നുണ്ട്. സ്‌കൂൾവാഹനങ്ങൾ വരാൻ മടിക്കുന്നു. ഓട്ടോറിക്ഷകളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ടാ. ‘ആ വഴിക്ക് വിളിക്കുകയേ വേണ്ടാ’ എന്ന നിലപാടിലാണ് ഓട്ടോറിക്ഷക്കാർ.
‘കുണ്ടും കുഴിയും’ നമ്മുടെ ചിഹ്നം !
: കഴിഞ്ഞുപോയ ഓരോ തിരഞ്ഞെടുപ്പുസമയത്തും പാരീസ് റോഡിൽ ഒരു ഫ്ളക്‌സ് ഉയരാറുണ്ട്. ‘നമ്മുടെ സ്ഥാനാർഥിയെ വിജയിപ്പിക്കുക, കുണ്ടും കുഴിയും നമ്മുടെ ചിഹ്നം’. അത് കണ്ടിട്ടും രാഷ്‌ട്രീയകക്ഷികൾ പഠിച്ചില്ല.
(തുടരും) കണ്ടാണശ്ശേരി പഞ്ചായത്തിലെ തകർന്നുകിടക്കുന്ന പാരീസ് റോഡ്
പാരീസ് എന്ന വെട്ടുവഴിയെ പറ്റി വി.കെ. ശ്രീരാമൻ എഴുതി
: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പാരീസ് റോഡിനെ കുറിച്ചെഴുതി... കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയുടെ പടിഞ്ഞാപ്പുറത്തുനിന്ന് ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലേക്കുള്ള വെട്ടുവഴിയാണ് ‘പാരീസ് റോഡ്’. കണ്ടാണശ്ശേരിക്കാരനായ സംവിധായകൻ, ഈ റോഡ് തുടങ്ങുന്നിടത്ത് ‘പാരീസ് ബീഡി വർക്സ്’ എന്ന കമ്പനി തുടങ്ങിയിരുന്നു. അങ്ങനെയാകാം റോഡിന് പാരീസെന്ന് പേര് വന്നിട്ടുണ്ടാകുക. ബീഡി കമ്പനിക്കുമുൻപ് ‘ഹസ്തിനപുരി’ എന്ന പേരിൽ സൈക്കിൾ കടയുമുണ്ടായിരുന്നു. അക്കാലത്തെ നാട്ടുപഴമകളെല്ലാം അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുന്നു.
Published: 25 Sept 2026, 03:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented