വേളൂക്കരയിലെ വെജിറ്റബിൾ ആൻഡ് ബനാന പാക്ക് ഹൗസ് അടഞ്ഞുകിടക്കുന്നു
പരിയാരം : ഉദ്ഘാടനം കഴിഞ്ഞ് വർഷം അഞ്ച് പിന്നിട്ടിട്ടും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ് പരിയാരം വേളൂക്കരയിലുള്ള വെജിറ്റബിൾ ആൻഡ് ബനാന പാക്ക് ഹൗസ്. മലയോര കാർഷിക മേഖലയിലെ ഉത്‌പന്നങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി പാക്ക് ചെയ്ത് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് എങ്ങുമെത്തിയില്ല.
ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ട് ടണ്ണോളം നേന്ത്രക്കായ ശീതീകരിച്ച് പാക്ക് ചെയ്ത് കൊണ്ടുപോയതൊഴിച്ചാൽ പിന്നീടൊരു പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല.
കെട്ടിടത്തിന്റെ മുൻവശത്ത് ടൈൽ ഇടുകയും കാടുപിടിച്ച പരിസരം ഇടയ്ക്ക് വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പിന് കീഴിലുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലാണ് (വി.എഫ്.പി.സി.കെ.) ഇത് ആരംഭിച്ചത്. അഗ്രികൾച്ചറൽ പ്രൊസസ്ഡ് ഫുഡ് എക്‌സ്‌പോർട്ട് ഡിവലപ്‌മെന്റ് അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കാർഷിക മേഖലയായ കോടശ്ശേരി, പരിയാരം, അതിരപ്പിള്ളി, മേലൂർ തുടങ്ങിയ പഞ്ചായത്തുകളിൽ ഉത്‌പാദിപ്പിക്കുന്ന മികച്ച നാടൻ കാർഷിക വിളകൾ ലഭിക്കുമെന്നതും പ്ലാന്റ് ഈ മേഖലയിൽ സ്ഥാപിക്കാൻ അനുകൂല ഘടകമായി. 20 പേർക്ക് ഒരേ സമയം ജോലിചെയ്യാനുള്ള സാഹചര്യം പ്ലാന്റിലുണ്ട്. ആവശ്യമെങ്കിൽ മൂന്ന് ഷിഫ്റ്റിലായി 60 പേർക്ക് ജോലി ലഭിക്കും.
നിർമാണം തുടങ്ങിയത് 2017-ൽ
സ്വകാര്യവ്യക്തിയിൽനിന്ന് 2015-മുതൽ 50 സെന്റ് 25 വർഷത്തേക്ക് വാടകയ്ക്ക് എടുത്ത സ്ഥലത്ത് 2017-ലാണ് അത്യാധുനിക ശീതീകരണ പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. വലിയ പ്രതീക്ഷയിലായിരുന്നു കർഷകർ. സ്ഥലം ഉടമയുടെ ബന്ധുക്കൾക്ക് ജോലി ഉൾപ്പെടെ വാഗ്ദാനം നൽകിയാണ് സ്ഥലം വാടകക്കെടുത്തത്. ആദ്യ കരാറുകാരൻ കെട്ടിട നിർമാണത്തിനിടെ ഉപേക്ഷിച്ച് പോയത് പ്രതിസന്ധിയിലാക്കി. വർഷങ്ങൾ മുടങ്ങിക്കിടന്ന കെട്ടിട നിർമാണം പൂർത്തിയാക്കി 2021 സെപ്‌റ്റംബർ 25-നാണ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തത്.
ഒരേ സമയം 20 ടൺ ഉത്പന്നം ശീതീകരിക്കാം
രണ്ട് മുറികളിലായി ഒരേസമയം 20 ടൺ ഉത്പന്നങ്ങൾ ശീതീകരിക്കാവുന്ന ഫ്രീസർ, പച്ചക്കറികളും പഴങ്ങളും കഴുകിയുണക്കി ശുചീകരിക്കാനുള്ള മെഷിനറി, പാക്കിങ് സംവിധാനം തുടങ്ങിയവ 10000 സ്‌ക്വയർ ഫീറ്റ് കെട്ടിടത്തിനുള്ളിലുണ്ട്. എക്‌സ്‌പോർട്ട് ക്വാളിറ്റിയിൽ ശാസ്ത്രീയമായി പാക്ക് ചെയ്യുന്ന ഉത്‌പന്നങ്ങൾ മൂന്ന് മാസത്തിലധികം കേടുകൂടാതിരിക്കും. വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും ശീതീകരണ സംവിധാനം പ്രവർത്തിക്കാൻ സാധിക്കുന്ന വലിയ ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്.
ടെൻഡർ വിളിച്ചിട്ട് ഒരു വർഷം
കമ്പനി പ്രവർത്തിക്കാതെ കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യമുണ്ടെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു.
കെട്ടിടനിർമാണത്തിലെ കാലതാമസം പ്ലാന്റിന്റെ പ്രവർത്തനത്തിന് നിയമതടസ്സമുണ്ടാക്കിയിരുന്നു. എന്നാൽ, പഞ്ചായത്തിന്റെ കെട്ടിടനമ്പറും ലൈസൻസ് ഉൾപ്പടെയുള്ള അനുമതികളെല്ലാം ലഭ്യമാക്കി നടത്തിപ്പുകാരെ കണ്ടെത്തുന്നതിന് ടെൻഡർ വിളിച്ചിട്ട് ഒരുവർഷത്തിലേറെയായെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
എത്രയും വേഗം തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
എക്‌സ്പോർട്ട് ചെയ്യുന്ന ഒരു ഏജൻസിക്കാണ് ടെൻഡർ ലഭിച്ചിരിക്കുന്നത്.
അവർക്ക് വാടകയ്ക്ക് കൊടുക്കാനും തീരുമാനമായി. പ്രവർത്തനത്തിനാവശ്യമായ മുടങ്ങിക്കിടക്കുന്ന ലൈസൻസുകൾ പുതുക്കുന്നതിന് അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും വി.എഫ്.പി.സി.കെ. അധികൃതർ പറഞ്ഞു.
Published: 25 Sept 2026, 03:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented