ചെറുതുരുത്തി : ചെറുതുരുത്തിയിൽ വിട പറഞ്ഞത്‌ അപ്പുട്ടേട്ടൻ എന്ന കമ്യൂണിസ്റ്റ് സാരഥ്യം. എല്ലാ ജനവിഭാഗവും ജീവിതത്തിൽ എന്തു പ്രതിബന്ധങ്ങൾ ഉണ്ടായാലും ആദ്യം ഓടിയെത്തുക അപ്പുട്ടേട്ടൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കെ.പി. രാധാകൃഷ്‌ണന്റെ അരികിലേക്കാണ്. ഒരുപക്ഷവും പിടിക്കാതെ പ്രശ്‌നങ്ങൾ ഇഴകീറി പരിശോധിച്ചു പരിഹരിക്കപ്പെടുമ്പോൾ തുല്യനീതി ഉറപ്പാക്കുന്നതാണ് അദ്ദേഹത്തെ ജനകീയനാക്കിയത്‌.

To advertise here,

ചെറുതുരുത്തിക്കു പുറമെ ചേലക്കര നിയോജകമണ്ഡലത്തിൽ ഒട്ടാകെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിച്ച അദ്ദേഹം തൊഴിലാളി യൂണിയൻ രംഗത്തുകൂടിയാണ് വളർന്നുവന്നത്‌. 1954 മുതൽ 1984 വരെ വലതുപക്ഷ മുന്നണി ഭരിച്ചിരുന്ന വള്ളത്താൾ നഗർ പഞ്ചായത്തിനെ ഇന്നത്തെ നിലയിൽ ഇടതുപക്ഷ കോട്ടയിലേക്കു നയിച്ച അദ്ദേഹം 1988-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണസാരഥൃം ഏറ്റെടുത്തു വള്ളത്തോൾനഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി.

12 വർഷം തന്റെ ഭരണമികവിൽ മുന്നോട്ടു പോയ അദ്ദേഹം. ചെറുതുരുത്തി സഹകരണ ബാങ്കിനെയും ഇടതുപാളയത്തിൽ എത്തിച്ചു. തുടർന്നു പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. പിന്നീടു പാർലമെന്ററി പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ട്‌ പാർട്ടി ചുമതലകളിലേക്കു ചേക്കേറിയ അദ്ദേഹം ജില്ലാ തലത്തിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ദീർഘകാലം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം, ചേലക്കര ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

വർഷങ്ങൾക്കു ശേഷം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി വന്ന അദ്ദേഹം സഹകരണ മേഖലയിലെ സഹകാരികൾക്കും പാവപ്പെട്ടവർക്കും ഒപ്പംനിന്നു. തന്റെ പ്രസ്ഥാനത്തിന്റെ വിജയത്തിനായി വീട്ടിലിരുന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾകാദർ, എ.സി. മൊയ്്തീൻ എം.എൽ.എ. അടക്കമുള്ളവർ പുതുശ്ശേരിയിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.