വെങ്കിടങ്ങ് : ഏനാമാവ്–ചേറ്റുവ പുഴയിൽനിന്ന്‌ നീക്കംചെയ്യുന്ന കുളവാഴയും ചണ്ടിയും കരയിലെത്തിച്ച് സംസ്കരിക്കുന്നതിന് പകരം വീണ്ടും പുഴയിലേക്കുതന്നെ ഒഴുക്കിവിടുന്നതായി പരാതി. ഇതുമൂലം ഏനാമാവ് മുതൽ ചേറ്റുവ വരെയുള്ള പുഴയിൽ മാസങ്ങളോളം വലയിടാനും മീൻപിടിക്കാനും പറ്റാത്ത സാഹചര്യമാണെന്ന് മത്സ്യത്തൊഴിലാളി വെങ്കിടങ്ങ് വാട്സ്ആപ്പ് കൂട്ടായ്മ പറഞ്ഞു.

To advertise here,

പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് സി. രവീന്ദ്രനാഥ്എം.എൽ.എ.യ്ക്ക് നിവേദനം നൽകി. മുല്ലശ്ശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലായി 250-ലേറെ കുടുംബങ്ങളാണ് പരമ്പരാഗതമായി ഉൾനാടൻ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നത്

ഏനാമാവ് ഫെയ്‌സ് കനാലിലൂടെ ജൂൺ മുതൽ നവംബർ വരെ കരാർ അടിസ്ഥാനത്തിൽ പുഴയിലെ കുളവാഴ, ചണ്ടി, കരുവാളി എന്നിവ നീക്കം ചെയ്യുന്നുണ്ട്. എന്നാൽ കരാർ പ്രകാരം ഇവ കരയിലെത്തിച്ച് സംസ്കരിക്കേണ്ടതിന് പകരം അധിക ലാഭത്തിനായി കരാറുകാർ യന്ത്രങ്ങൾ ഉപയോഗിച്ച് വീണ്ടും പുഴയിലേക്ക് ഒഴുക്കിവിടുന്നതായാണ് പരാതി.

ഇതുമൂലം അഞ്ചുമാസത്തോളം പുഴയിൽ മത്സ്യബന്ധനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തന്നെ ഇതോടെ ഇല്ലാതാകുന്നു. കഴിഞ്ഞ ആറുവർഷമായി ഇതുസംബന്ധിച്ച് സമരം നടത്തിവരുന്നതായും നിവേദനത്തിൽ പറയുന്നു.

കുളവാഴ കരയിലെത്തിച്ച് സംസ്കരിക്കണമെന്ന് മുൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദേശിച്ചിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പായില്ലെന്നും പരാതിയിൽ പറയുന്നു.

വിഷയത്തിൽ തൃശ്ശൂർ ചെമ്പുക്കാവ് ഇറിഗേഷൻ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് മത്സ്യത്തൊഴിലാളി വെങ്കിടങ്ങ് വാട്സ്ആപ്പ് കൂട്ടായ്മ പ്രസിഡന്റ് മധു മുല്ലശ്ശേരി, സെക്രട്ടറി യു.എ. ആനന്ദൻ, ട്രഷറർ കെ.കെ. മുകേഷ് എന്നിവർ ആരോപിച്ചു.