അങ്കമാലി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് കൈത്താങ്ങാകാൻ സെയ്ന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റി. സൊസൈറ്റിയുടെ അങ്കമാലി ബസിലിക്കയിലെ സെയ്ന്റ് തോമസ് കോൺഫറൻസ് ആണ് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡയാലിസിസ് സെന്റർ ആരംഭിച്ചിരിക്കുന്നത്. ജോസ് ദേവസി മഞ്ഞളി മെമ്മോറിയൽ ബ്ലെസ്ഡ് ഒസാനം എന്നാണ് ഡയാലിസിസ് സെന്ററിന് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച സെന്റർ നാടിന് സമർപ്പിക്കും.

To advertise here,

അങ്കമാലിയിലും സമീപപ്രദേശങ്ങളിലുമുള്ള വൃക്കരോഗികൾക്ക് ചികിത്സയ്ക്കായി വലിയ സാമ്പത്തികചെലവും യാത്രാക്ലേശവും നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് ഈ സംരംഭം തുടങ്ങാൻ സെയ്ന്റ് തോമസ് കോൺഫറൻസ് മുന്നിട്ടിറങ്ങിയത്. സെയ്ന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ ഏറ്റവും ആവശ്യക്കാരായ ആളുകളിലേക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ് എത്തിക്കുക എന്ന ആശയമാണ് ഈ പദ്ധതിക്കുപിന്നിൽ. പരേതനായ ജോസ് ദേവസി മഞ്ഞളിയുടെ കുടുംബം സൗജന്യമായി നൽകിയ 1.4 ഏക്കർ സ്ഥലത്താണ് ഡയാലിസിസ് സെന്റർ പണികഴിപ്പിച്ചിരിക്കുന്നത്.

ഉദ്ഘാടനം നാളെ

:ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി റോജി എം. ജോൺ നിർവഹിക്കും. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഡയാലിസിസ് സെന്ററിന്റെ ആശീർവാദകർമം നടത്തും. ബെന്നി ബഹനാൻ എം.പി. സ്വിച്ച്‌ഓൺ കർമം നിർവഹിക്കും. അങ്കമാലി സെയ്ന്റ് തോമസ് കോൺഫറൻസ് പ്രസിഡന്റ് ബ്രദർ സെബാസ്റ്റ്യൻ കുന്നപ്പിള്ളി അധ്യക്ഷനാകും. സെയ്ന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റി അന്തർദേശീയ പ്രസിഡന്റ് ബ്രദർ ജൂഡ് എസ്. മംഗൾരാജ്, നഗരസഭാ ചെയർപേഴ്‌സൺ റീത്താ പോൾ തുടങ്ങിയവർ പങ്കെടുക്കും.