തൃശ്ശൂർ : അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽ പരിശീലനക്കുളത്തിന് മുകളിൽ പച്ചവല വിരിച്ചത് ഭംഗിക്കല്ല, നീന്തൽ പഠിക്കാനെത്തുന്നവരുടെ ജീവൻ കാക്കാനാണ്. പഴക്കം കൊണ്ട് പൊളിഞ്ഞുവീഴുന്ന കോൺക്രീറ്റ് കഷണങ്ങളെ തടയാനാണ് ഇൗ പച്ച വല. വലിയ കഷണങ്ങൾ വീഴുമ്പോൾ വല താങ്ങില്ല എന്നതിനാൽ വലയ്ക്ക് താഴെ വലിയ പ്ലാസ്റ്റിക് കയർ കെട്ടി ബലപ്പെടുത്തിയിട്ടുണ്ട്. വലുതും െചറുതുമായ നൂറുകണക്കിന് കോൺക്രീറ്റ് കഷണങ്ങൾ വലയിൽ തങ്ങിക്കിടപ്പുണ്ട്. ആഴ്ചയിലൊരിക്കൽ വല വൃത്തിയാക്കൽ എന്ന ചുമതല കൂടിയുണ്ട് ഇവിടത്തെ ജീവനക്കാർക്ക്.

To advertise here,

മേൽക്കൂര പൂർണമായും തകർന്നു തുടങ്ങിയതിനാൽ എപ്പോഴും കോൺക്രീറ്റ് കഷണങ്ങൾ വീണുകൊണ്ടിരിക്കുന്നു. പല ബാച്ചുകളിലായി ദിവസവും നൂറുപേരെങ്കിലും ഇവിടെ നീന്തൽ പഠിക്കാനെത്തുന്നുണ്ട്. ജീവനക്കാരാണ് വല കെട്ടിയത്.

ഇളകിത്തുടങ്ങിയ േകാൺക്രീറ്റ് കഷണങ്ങൾ ജീവനക്കാർ കുത്തിയിളക്കിക്കളഞ്ഞെങ്കിലും വീണ്ടും വീണുകൊണ്ടിരിക്കുകയാണ്. വലയുടെ വിടവിലൂടെ കോൺക്രീറ്റ് പൊടി വീഴുന്നതിനാൽ കുളത്തിലെ വെള്ളവും മോശമാകുന്നു.

33 വർഷം മുൻപാണ് അക്വാട്ടിക് കോംപ്ലക്സിൽ ഇൻഡോർ നീന്തൽക്കുളം നിർമിച്ചത്. എല്ലാവർക്കും നീന്തൽ പഠനം എന്നതായിരുന്നു ലക്ഷ്യം.

അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് 1993 ഒാഗസ്റ്റ് 27-ന് ഉദ്ഘാടനം ചെയ്തത്. എപ്പോഴും ഇൗർപ്പം കെട്ടി നിൽക്കുന്ന കെട്ടിടത്തിന് 25 വർഷമാണ് കാലാവധിയെന്ന് എൻജിനീയർമാർ പറഞ്ഞിരുന്നു. ഇപ്പോൾ 33 വർഷം പിന്നിട്ടു.