സ്കൂട്ടർ യാത്രക്കാരി ബസ് കയറി മരിച്ച സംഭവം
മിന്നൽപ്പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ
അരിമ്പൂർ : ചേറ്റുപുഴയിൽ ബസ് തട്ടിവീണ സ്കൂട്ടർ യാത്രക്കാരി ബസിന്റെ ചക്രം കയറി മരിച്ചതിൽ പ്രതിഷേധിച്ച് കുന്നത്തങ്ങാടി സെന്ററിൽ ഡി.വൈ.എഫ്.ഐ. ലഘുലേഖ വിതരണത്തിനിടെ കുപിതരായി ബസ് ജീവനക്കാർ. മിന്നൽപ്പണിമുടക്കും നടത്തി. ഡി.വൈ.എഫ്.ഐ. മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്ക് ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ പ്രതിഷേധിച്ച് വണ്ടി റോഡിൽ നിർത്തിയിടുകയായിരുന്നു. പിന്നാലെ വന്ന ബസുകളും റോഡിൽ നിർത്തിയിട്ടതോടെ തൃശ്ശൂർ- വാടാനപ്പള്ളി സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കായി. നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലുമായി.
തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പ്രതിഷേധത്തിനിടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കിടയിലേക്ക് ബസ് ജീവനക്കാർ പാഞ്ഞടുക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ സംഘർഷാവസ്ഥയായി. ഇതിനിടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരോട് മോശമായി പെരുമാറിയ ബസ് ജീവനക്കാരനെതിരേ പോലീസിൽ പരാതിയെത്തി.
അന്തിക്കാട് സി.ഐ. മിഥുന്റെ നേതൃത്വത്തിൽ പോലീസെത്തി സംഘർഷാവസ്ഥ ഒഴിവാക്കി. പതിനൊന്നരയോടെ പോലീസിന്റെ ഇടപെടലിന്റെ ഭാഗമായി ബസുകൾ റോഡിൽനിന്നുമാറ്റി. സമാധാനപരമായി നടത്തിയ സമരത്തിനെതിരേ ഇഷാനിയ ബസ് ജീവനക്കാർ ചെയ്‌ത പ്രവൃത്തിയാണ് മിന്നൽപ്പണിമുടക്കിലേക്ക് നയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. കാഞ്ഞാണി, വാടാനപ്പള്ളി, ചേറ്റുവ, ഗുരുവായൂർ, ചാവക്കാട്, ഏനാമാക്കൽ, അന്തിക്കാട്, പെരിങ്ങോട്ടുകര, തൃപ്രയാർ, തൃശ്ശൂർ മേഖലകളിൽനിന്നുള്ള യാത്രക്കാരാണ് പെരുവഴിയിലായത്. ഇതോടെ ബസ് ഓട്ടം പുനഃസ്ഥാപിക്കാനുള്ള പോലീസിന്റെ ശ്രമം പാളി.
യാത്രക്കാരുടെ ജീവനെടുത്തുള്ള മത്സരയോട്ടം നിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ലഘുലേഖ വിതരണമെന്ന് ഡി.വൈ.എഫ്.ഐ. മണലൂർ ബ്ലോക്ക് സെക്രട്ടറി കെ. സച്ചിൻ, പ്രസിഡന്റ് വി.പി. പ്രേംശങ്കർ, പി.എസ്. മിഥുൻ, എ.എം. ഗായത്രി. ഗസിൽ, എം.എസ്. വൈശാഖ് എന്നിവർ പറഞ്ഞു.
അപകടമുണ്ടാക്കുന്ന മറ്റു വാഹനങ്ങൾ തടയാതെ ബസുകൾ മാത്രം തടയുന്ന നടപടി ശരിയല്ലെന്നും റോഡുകൾ വീതി കൂട്ടണമെന്നും കാഞ്ഞാണി മേഖലാ ബസ് തൊഴിലാളി സഹായസമിതി ട്രഷറർ അഭിലാഷ്, പ്രസിഡന്റ് ജിക്സൺ, സെക്രട്ടറി കെ.സി. റെജി എന്നിവർ പറഞ്ഞു.
Published: 22 Sept 2026, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented